ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് – 1 – ലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികൾ നാട്ടിൽ തിരിച്ചെത്തി. മലപ്പുറം സ്വദേശി കെ കെ അജ്മലും കാസർകോട് സ്വദേശി പ്രജിത്തുമാണ് നാട്ടിലെത്തിയത്. യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് പോകുന്നുവെന്നാരോപിച്ചാണ് ഇറാൻ കപ്പൽ ബ്രിട്ടൺ പിടിച്ചെടുത്തത്. ഇറാനെതിരായ അമേരിക്കൻ ഉപരോധം യൂറോപ്യൻ യൂണിയന് ബാധകമല്ലെന്ന് ജിബ്രാൾട്ടർ വ്യക്തമാക്കിയതോടെയാണ് കപ്പലിന്‍റെ മോചനം സാധ്യമായത്. ഗ്രേസ് വണ്ണിലെ ജൂനിയർ ഓഫീസറായിരുന്ന കെ കെ അജ്മൽ കപ്പലിൽ നിന്ന് മോചിതനായി ഇന്നലെയാണ് ദുബായിലെത്തിയത്. അവിടെ നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇന്ന് പുലർച്ചെയാണ് മലപ്പുറത്തെത്തി ചേർന്നത്. പി പ്രജിത്ത് രണ്ട് ദിവസം മുൻപേ നാട്ടിലെത്തിയിരുന്നു. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെനാ ഇംപെറോയിലെ മലയാളികളെ ഇതുവരെ മോചിപ്പിക്കാനായിട്ടില്ല. ഉടനെ മോചിപ്പിക്കുമെന്നാണ് ഇറാൻ പറയുന്നത്. അവർ സുരക്ഷിതരാണെന്നും കൃത്യമായ ഇടവേളയിൽ കുടുംബാംഗങ്ങളോട് സംസാരിക്കുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി.