“സ്വയം സന്തോഷിക്കുക, മറ്റുള്ളവരെ സന്തോഷിപ്പിക്കുക, നന്മ ചെയ്യുക”- അൽഫോൻസ് കണ്ണന്താനം; ബി കെ എസ് ഓണാഘോഷത്തിന്റെ രണ്ടാം ദിനത്തിൽ ആസ്വാദകരുടെ മനം കവർന്ന് സൂര്യാ കൃഷ്ണമൂർത്തിയുടെ ‘അഗ്നി’

മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ‘ശ്രാവണം 2019’ ന്റെ രണ്ടാം ദിനമായ ഇന്നലെ(വെള്ളി) ചടങ്ങ് മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ മലയാളികൾ കാണിക്കുന്ന ഐക്യവും സ്നേഹവും നമ്മുടെ നാട്ടിലേക്ക് പോലും മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സമാജം മെമ്പറായിരിക്കെ മരണപ്പെട്ട അജിത് വാസുദേവന്റെ കുടുംബത്തിനുള്ള സമാജത്തിന്റെ സാമ്പത്തിക സഹായം ചടങ്ങിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ കയ്യിൽ നിന്നും ഭാര്യാ സഹോദരൻ ഏറ്റുവാങ്ങി. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം പി രഘു സ്വാഗതവും ‘ശ്രാവണം 2019’ കൺവീനർ പവനൻ തോപ്പിൽ നന്ദിയും പറഞ്ഞു.

തുടർന്ന് സൂര്യ കൃഷ്ണമൂർത്തി അണിയിച്ചൊരുക്കിയ ‘അഗ്നി’ എന്ന നൃത്ത സംഗീത പരിപാടി അങ്ങേയറ്റം ഹൃദ്യവും ശ്രദ്ധേയവുമായിരുന്നു. സദസിനെ ഒന്നടങ്കം ആദ്യാവസാനം വരെ പിടിച്ചിരുത്തിയ നൃത്ത-സംഗീത വിരുന്ന് കാണാൻ ആയിരങ്ങളായിരുന്നു സമാജം ഓഡിറ്റോറിയത്തിലും പുറത്തുമായി തടിച്ച് കൂടിയത്.

പ്രശസ്ത നര്‍ത്തകിയും സിനിമാ താരവുമായ ഷംന കാസിം, ഗായകന്‍ നജീം അർഷാദ്, ഗായിക ദുർഗ്ഗാ വിശ്വനാഥ്‌, സജ്‌ന, സജു കുമാർ, മാളവിക, സിയാ ഉൽ ഹക്ക്, `ആറ്റുകാൽ ബാലസുബ്രഹ്മണ്യം തുടങ്ങിയവരുടെ പ്രകടനങ്ങൾ ആസ്വാദകരുടെ ഉള്ള് നിറക്കുന്നതായിരുന്നു.

ബി കെ എസ് ശ്രാവണം 19 ഓണാഘോഷത്തിൽ ഇന്ന് (ശനിയാഴ്ച്ച m) കേരള മുൻ മന്ത്രി കെ സി ജോസഫ് മുഖ്യ അതിഥിയാവും. തിരുവാതിരക്കളി മത്സരമാണ് മുഖ്യ ആകർഷണം .