ബികെഎസിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് മുൻ മന്ത്രി കെ സി ജോസഫ്; തിരുവാതിരക്കളിയിൽ മുഴുകിയ ‘ശ്രാവണം’ മൂന്നാം ദിനം, ഇന്ന്(ഞായർ) ബഹ്റൈനിലെ കലാപ്രേമികളുടെ പ്രകടനങ്ങൾ

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് മുൻ മന്ത്രി കെ സി ജോസഫ്. ശ്രാവണം 2019 ഓണാഘോഷ പരിപാടിയുടെ മൂന്നാം ദിനത്തിൽ അതിഥിയായെത്തി തിരുവാതിരക്കളി മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈന്‍ കേരളീയ സമാജം മലയാള ഭാഷക്കും കലക്കും ആഘോഷങ്ങൾക്കും നൽകുന്ന പ്രോത്സാഹനത്തെയും നോർക്ക  ഹെല്പ് ഡെസ്ക്  പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

തുടർന്ന് സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്പ് ഡസ്‌ക്ക് ഓഫീസ്‌ സന്ദർശിക്കുകയുമുണ്ടായി. 2013 ൽ കേരളത്തിന് പുറത്ത് ആദ്യമായി നോർക്കയുടെ ഹെൽപ് ഡസ്‌ക്ക് ഓഫീസ് ഉദ്ഘാടനം ചെയ്തത് കെ. സി. ജോസഫ് ആയിരുന്നു എന്നത്‌ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള എടുത്ത് പറഞ്ഞു. ജന. സെക്രെട്ടറി എം.പി. രഘു, വൈസ് പ്രെസിഡന്റ് പി.എൻ. മോഹൻരാജ്, സോമൻ ബേബി, രാജു കല്ലുംപുറം, ചാരിറ്റി- നോർക്ക കമ്മിറ്റി ജന. കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ്‌ ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, ഹെൽപ്‌ ഡസ്‌ക്ക് അംഗങ്ങൾ എന്നിവർ സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു.

സമാജത്തിൻറെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഉള്ള സന്തോഷം കെ സി ജോസഫ് പ്രകടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, പവനൻ തോപിൽ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വാശിയേറിയ തിരുവാതിരക്കളിയിൽ ആറ് ടീമുകൾ മാറ്റുരച്ചു.

നാലാം ദിനമായ ഇന്ന്(ഞായർ) ഒപ്പന, നല്ലോണം എന്ന നൃത്തശില്പം, വെസ്റ്റേൺ ഡാൻസ് , സഹൃദയ പയ്യന്നൂർ നാടൻ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ‘ശ്രാവണം 2019’ ആഘോഷ കമ്മിറ്റി അറിയിച്ചു.