മനാമ: താമസിക്കാനൊരിടമോ തൊഴിലോ ഇല്ലാതെ ചൂടുകാലത്തെ നാല് മാസവും ഇരുപത് ദിവസവും തുറന്ന പാർക്കിൽ കിടന്ന് യാതന അനുഭവിക്കേണ്ടി വന്ന കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറം സ്വദേശി അബ്ദുൽ ജലീലിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങുന്നു. ബഹ്റൈൻ പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തകനായ ഷിജു തിരുവനന്തപുരത്തിന്റെ ഇടപെടലാണ് അബ്ദുൽ ജലീലിന് തുണയായത്. ഗുദൈബിയയിലെ അൽ ഹംറ തിയറ്ററിന് സമീപമുള്ള പാർക്കിന് സമീപത്ത് നിന്നും അർദ്ധരാത്രി ചായ കുടിക്കുന്ന വേളയിലാണ് പാർക്കിൽ കിടക്കുന്ന ജലീൽ ഷിജുവിന്റെ ശ്രദ്ധയിൽ പെട്ടത്. മലയാളിയാണെന്ന് മനസിലാക്കി കൂടുതൽ സംസാരിച്ചപ്പോഴാണ് ഏറെ നാളായി അനുഭവിച്ചുകൊണ്ടിരുന്ന യാതന പുറത്തു വരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിഷയം പുറം ലോകത്തെത്തിച്ച ഷിജു ബഹ്റൈൻ വാർത്തയേയും വിളിച്ച് അറിയിക്കുകയായിരുന്നു. പതിനായിരത്തിലധികം പേരായിരുന്നു ‘ബഹ്റൈൻ വാർത്തയിലൂടെ ഷിജുവിന്റെ വിവരണം കണ്ടത്.
https://www.facebook.com/2070756719867022/posts/2483211101954913/
സെപ്റ്റംബർ 20നായിരുന്നു സംഭവം, വാർത്ത കണ്ട് നിരവധി പേരായിരുന്നു സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നത്. സ്വയം മുൻകയ്യെടുത്ത് ഷിജു ജലീലിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും തുടർന്ന് ICRF അംഗമായ സുധീർ തിരുനിലത്ത് വഴി എംബസി മുഖേന വിഷയം ധരിപ്പിക്കുകയുമായിരുന്നു. വിഷയം അറിഞ്ഞ എംബസി അധികൃതർ ഗൗരവകരമായി തന്നെ നോക്കിക്കണ്ടെന്നും നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ട നിയമപരമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ഉറപ്പ് തന്നതായും ഷിജു ബഹ്റൈൻ വാർത്തയോട് പറഞ്ഞു.
നാട്ടിലേക്കുള്ള ടിക്കറ്റ് എംബസി വഹിക്കുമെന്നും മറ്റു സഹായങ്ങളൊന്നും നിലവിൽ ജലീലിന് ലഭിച്ചിട്ടില്ലെന്നും ഷിജു പറഞ്ഞു. സഹായ സഹകരണങ്ങൾക്ക് താൽപര്യമുള്ളവർക്ക് ജലീലിനെ ഷിജു മുഖേന +97335497984 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.