89ാം ദേശീയ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സൗദി

റിയാദ്: 89ാം ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തിരക്കിലാണ് സൗദി ജനത. ദേശീയദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാജ്യത്ത് നിരവധി പരിപാടികളാണ് സൗദി എന്‍റര്‍ടെയിന്‍മെന്‍റ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത കലാരൂപങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ തുടങ്ങിയവ സൗദിയുടെ വിവിധ സ്ഥലങ്ങളിൽ അരങ്ങേറും. ദേശീയദിനത്തോടനുബന്ധിച്ച് സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും വിപുലമായ പരിപാടികളാണ് ഒരുക്കിയത്. രാജ്യത്തെ വിവിധ പാർക്കുകളിലും കോർണിഷുകളിലും ആകാശത്തു വർണ്ണ വിസ്മയം തീർക്കുന്ന കരിമരുന്നു പ്രയോഗവും നടക്കും. രാജ്യത്തുടനീളം ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേശീയദിനാഘോഷം നടക്കുന്ന സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. സൗദിയുടെ എണ്‍പത്തിയൊന്‍പതാമത് ദേശീയദിനം ആഘോഷിക്കാൻ സ്വദേശികളും വിദേശികളും ഒരുങ്ങിക്കഴിഞ്ഞു.