ദുബായ്: എമിറേറ്റ്സ് വിമാനങ്ങളിൽ ഇനിമുതൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു വാങ്ങുന്നതുൾപ്പെടെ 13 കിലോ ഹാൻഡ് ബാഗേജ് കൊണ്ടുപോകാൻ അനുവദിക്കും. പുറമേ നിന്ന് 7 കിലോ ഹാൻഡ് ബാഗേജ് മാത്രമേ അനുവദിക്കൂ. മദ്യം ഉൾപ്പെടെ ഡ്യൂട്ടി ഫ്രീയിൽ നിന്ന് 6 കിലോ സാധനങ്ങൾ വാങ്ങാം. കൊച്ചി, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബോർഡിങ് പാസ് എടുത്തശേഷം എമിഗ്രേഷനു സമീപമെത്തുമ്പോൾ എമിറേറ്റ്സ് ജീവനക്കാർ ബാഗിന്റെ തൂക്കം പരിശോധിക്കും. തൂക്കം കൂടുതലാണെങ്കിൽ യാത്രക്കാരിൽ നിന്ന് പണം ഈടാക്കും. വിമാനത്തിൽ കയറും മുൻപ് വീണ്ടും ബാഗേജിന്റെ തൂക്കം പരിശോധിക്കും. കൂടുതലാണെങ്കിൽ അധികമുള്ള സാധനങ്ങൾ ഡ്യൂട്ടി ഫ്രീയിൽ തിരികെ നൽകി പണം മടക്കി വാങ്ങാം. പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കും എമിറേറ്റ്സ് ഈ ആനുകൂല്യം ഒരുക്കിയിട്ടുണ്ട്.
