മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട “ഹിക്ക” ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറൻ തീരത്ത് എത്തിയതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. “ഹിക്ക” ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി ഒമാൻ സിവിൽ ഡിഫൻസ് അറിയിച്ചു. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നത് മൂലം മസീറ , ബൂ അലി എന്നി പ്രദേശങ്ങളിൽ രാവിലെ മുതൽ തന്നെ മഴ പെയ്തു തുടങ്ങിയിരുന്നു. ശർഖിയ, അൽ വുസ്ത എന്നീ തീര പ്രദേശങ്ങളിൽ കനത്ത മഴയോട് കൂടി “ഹിക്ക ” ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 130 മില്ലീമീറ്റര്‍ വരെ മഴയ്ക്കും മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. അൽ വുസ്ത , ശർഖിയ എന്നി ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്നു ദിവസം അവധി നൽകുകയും സൂർ , ജാലാൻ , ദുഃഖം , ഹൈമ എന്നീ പ്രദേശങ്ങളിലേക്കുള്ള മൗസലത്ത് ബസ്സ് സർവീസുകൾ നിർത്തി വെച്ചതായും അധികൃതർ അറിയിച്ചു. കടലില്‍ തിരമാല ഉയരാനും കരയില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതിനാൽ അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാനും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാനും ജനങ്ങൾക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി.