ഗള്‍ഫ് മേഖലയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: ഗള്‍ഫ് മേഖലയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലിൽ തിരമാല ഉയരാനും കരയിൽ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. രാജ്യത്തെ തുറസായ പ്രദേശങ്ങളില്‍ പൊടിക്കാറ്റുണ്ടാവും. അറബിക്കടലിൽ രൂപപ്പെട്ട “ഹിക്ക” ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുത്തതിനെത്തുടർന്ന് കടൽ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. അഞ്ചു മുതല്‍ ഏഴ് അടി വരെ ഉയരത്തിലുള്ള തിരകളുണ്ടാവാൻ സാധ്യതയുള്ളതിനാല്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ബുധനാഴ്ച രാത്രി 10 മണി വരെയാണ് മുന്നറിയിപ്പ്.