സൗദിയുടെ വാതിലുകള്‍ ഇനി മുതൽ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കും; ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു

റിയാദ്: സൗദി അറേബ്യയുടെ വാതിലുകള്‍ ഇനി മുതൽ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കും. 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള അഞ്ച് സ്ഥലങ്ങളടക്കം സൗദിയുടെ എല്ലാ സ്ഥലങ്ങളും വിനോദ സ‌‌ഞ്ചാരികള്‍ക്ക് ആസ്വദിക്കാം. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്കരിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം. വിദേശവനിതകള്‍ പൊതു സ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്നും അതേസമയം, ശരീരഭാഗങ്ങള്‍ പുറത്തുകാണാത്ത മാന്യമായ വസ്ത്രം ധരിക്കണമെന്നും ടൂറിസം വകുപ്പ് മേധാവി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. മുൻപ് തൊഴില്‍ വിസക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും മാത്രമാണ് സൗദി സന്ദര്‍ശനം അനുവദിച്ചിരുന്നത്. ഇനി മുതൽ സൗദിയുടെ മനോഹരമായ സ്ഥലങ്ങൾ എല്ലാവർക്കും ആസ്വദിക്കാം. 28 മുതൽ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കും.