ന്യൂഡൽഹി: ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ഊര്‍ജം, എണ്ണശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യം, കൃഷി, ധാതുക്കള്‍, ഖനനം എന്നീ മേഖലകളിലാണ് സൗദി 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുക. ഇന്ത്യയിലെ സൗദി അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ നിക്ഷേപം നടത്താന്‍ അനുയോജ്യമായ രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ എണ്ണ സംസ്‌കരണ കേന്ദ്രമായ അരാംകോ ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ഉണ്ടാക്കിയ പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് സൗദി ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങുന്നത്.