തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്ളി വില വർദ്ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കിൽ ഉള്ളി വിൽക്കും. കഴിഞ്ഞ നാല് വർഷം ഇന്ത്യയിലുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് ഉള്ളിയ്ക്ക് സെപ്റ്റംബർ ആദ്യവാരം രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തവിതരണകേന്ദ്രങ്ങളിലുണ്ടായ ലഭ്യത കുറവാണ് ഉള്ളിയുടെ വില കുത്തനെ ഉയരാൻ ഇടയായത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിലുണ്ടായ വൻപ്രളയമാണ് ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കിയത്. സപ്ലൈക്കോയിലേക്ക് മറ്റന്നാൾ നാസിക്കിൽ നിന്ന് 50 ടൺ ഉള്ളി എത്തിക്കും. ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ സവാള വില നിയന്ത്രിക്കാനുള്ള നടപടി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചത്. കേന്ദ്ര ഏജൻസിയായ നാഫെഡ് വഴി ഉള്ളി കുറഞ്ഞ വിലയിൽ കേരളത്തിലെത്തിക്കാനാണ് സർക്കാരിന്റെ പദ്ധതി. രാജ്യത്തിന് പുറത്തേക്കുള്ള കയറ്റുമതി നിരോധിച്ച സാഹചര്യത്തിൽ കേരളത്തിനാവശ്യമായ ഉള്ളി സംഭരിച്ചെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.