ഒമാനിൽ രണ്ടുദിവസം കൂടി മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ രണ്ടുദിവസം കൂടി മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി കനത്ത മഴയാണ് പല സ്ഥലങ്ങളിലും ലഭിച്ചത്. ഇബ്രി, ദങ്ക്, യങ്കല്‍, സുഹാര്‍, നിസ്വ, ബഹ്ല, അല്‍ അവാബി, ഇബ്ര, ജബല്‍ അഖ്ദര്‍, ബിര്‍കത്ത് അല്‍ മൗസ്, ജബല്‍ ശംസ് എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ശക്തമായ മഴയിൽ ചിലയിടങ്ങളിലെ റോഡുകളില്‍ വെള്ളം കെട്ടിനിന്നത് ഗതാഗത കുരുക്കിന് കാരണമായി. വിവിധ ഇടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. അല്‍ ഹജര്‍ പര്‍വത നിരകളില്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.