പത്മശ്രീ അഡ്വ: സി കെ മേനോന്റെ നിര്യാണത്തിൽ ഒഐസിസി ബഹ്റൈൻ അനുശോചിച്ചു

മനാമ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒഐസിസി) ഗ്ലോബൽ പ്രസിഡന്റ്‌ പത്മശ്രീ അഡ്വ. സി.കെ മേനോന്റെ നിര്യാണത്തിൽ ഒഐസിസി ബഹ്റൈൻ ദേശീയ കമ്മിറ്റി അനുശോചിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റ നിർമാണത്തിലടക്കം അകമഴിഞ്ഞ സഹായം ചെയ്ത വ്യക്തിതിത്വമായിരുന്നു അഡ്വ. സി കെ മേനോനെന്ന് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ അനുശോചന കുറിപ്പിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ബഹ്‌റൈൻ ദേശീയ കമ്മറ്റി പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ പറഞ്ഞു.

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹ്സാദ് ഗ്രുപ്പിന്റെ ഉടമ ആയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നോർക്ക റൂട്ട്സ് ന്റെ വൈസ് ചെയർമാനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വധ ശിക്ഷ അനുഭവിച്ചു ജയിലുകളിൽ കഴിഞ്ഞിരുന്ന
അനേകം ആളുകൾക്ക് ബ്ലഡ്‌ മണി കൊടുത്ത് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇറാക്കിൽ മലയാളികളായ നേഴ്‌സ്മാരുടെ മോചനത്തിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകളോടൊപ്പം പ്രവർത്തിക്കുകയും, തിരികെ എത്തിയ നേഴ്‌സ് മാർക്ക് സാമ്പത്തിക സഹായം ചെയ്യുവാനും അദ്ദേഹം മുൻ പന്തിയിൽ ഉണ്ടായിരുന്നു.

വ്യവസായ, സാമൂഹ്യ, സാംസകാരിക രംഗത്തെ പ്രവർത്തനങ്ങൾ മുൻ നിർത്തി രാജ്യം അദ്ദേഹത്തെ പത്മശ്രീ, പ്രവാസി ഭാരതീയ പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നൽകി ആദരിച്ചു. ഖത്തർ ഭരണ കൂടത്തിന്റെ ദോഹ ഇന്റർ ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി. വി. സ്വാമി സ്മാരക പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദോഹ ഇന്റർ ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് അദ്ദേഹമെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.