ബഹ്‌റൈനിൽ കടന്നുപോയത് 1902 നുശേഷമുള്ള മൂന്നാമത്തെ ഏറ്റവും ചൂടേറിയ സെപ്റ്റംബർ

മനാമ: 1902 ന് ശേഷം ബഹ്‌റൈനിൽ അനുഭവിച്ച മൂന്നാമത്തെ ഏറ്റവും ചൂടേറിയ സെപ്റ്റംബറാണ് കഴിഞ്ഞ് പോയതെന്ന് റെക്കോർഡു ചെയ്തതായി ബഹ്‌റൈൻ കാലാവസ്ഥാ ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തു. 2019 സെപ്തംബർ മാസത്തിലെ ശരാശരി താപനില 34.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. ഇത് സെപ്റ്റംബറിൽ സാധാരണയേക്കാൾ 2.0 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. 1902 ന് ശേഷം സെപ്റ്റംബർ മാസത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ശരാശരി താപനിലയായി ഇത് രേഖപ്പെടുത്തുന്നു. സെപ്റ്റംബർ 2017, 39.1 c , 2018 സെപ്റ്റംബർ 38.9 c, 2015 സെപ്റ്റംബർ 38.8 c, 2001 & 2008 സെപ്റ്റംബർ 38.7 c താപനിലയാണ് രേഖപ്പെടുത്തിയത്.

സെപ്റ്റംബർ മാസത്തിലെ 6 ദിവസത്തിൽ താപനില 40 ഡിഗ്രി കവിഞ്ഞിരുന്നു. സെപ്റ്റംബർ 1 ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഏറ്റവും ഉയർന്ന താപനില 42.7 ഡിഗ്രിയാണ്. 1946 മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രേഖപ്പെടുത്തിയതിൽ ഇത് ഒമ്പതാമത്തെ ഉയർന്ന താപനിലയാണ്. സെപ്റ്റംബർ മാസത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ഏറ്റവും ഉയർന്ന താപനില 47.5 ഡിഗ്രിയും ദുറാത്ത് അൽ ബഹ്‌റൈനിൽ 45.2 ഡിഗ്രിയും ആയിരുന്നു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏറ്റവും കുറഞ്ഞ താപനില സെപ്റ്റംബർ 16, 18 തീയതികളിലെ 29.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. സെപ്റ്റംബർ 15 ന് ദുറാത്ത് അൽ ബഹ്‌റൈനിൽ 26.0 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.