ബഹ്‌റൈൻ കേരളീയ സമാജം കുരുന്നുകൾക്ക് അറിവിന്റെ ഹരിശ്രീ കുറിച്ചു

മനാമ: കഴിഞ്ഞ ഇരുപത് വർഷത്തോളമായി വിജയദശമിയോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജം നടത്തിവരാറുള്ള വിദ്യാരംഭം ഈ വർഷവും ചിട്ടയോടെ നടന്നു. അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിന് കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. കേരളത്തിലെ പ്രഗത്ഭയായ ഐ പി എസ് ഉദ്യോഗസ്ഥ ശ്രീലേഖയാണ് ഹരിശ്രീ കുറിക്കുവാൻ നേതൃത്വം കൊടുത്തത്. സാഹിത്യ സാംസ്കാരിക നായകന്മാരും മറ്റു പ്രമുഖരും കഴിഞ്ഞ വർഷങ്ങളിലായി എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഐ പി എസ് ഉദോഗസ്ഥ വിദ്യാരംഭത്തിനായി എത്തുന്നത്.

രാവിലെ അഞ്ചു മണിക്ക് മുൻപ് തന്നെ കുട്ടികളുമായി രക്ഷിതാക്കളും സമാജം ഭാരവാഹികളും പ്രവർത്തകരും എത്തിയിരുന്നു. ചടങ്ങിന് സാക്ഷ്യം വഹിക്കുവാനായി നിരവധി പേരാണ് കുടുംബസമേതം എത്തിയത്. വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് ബി കെ എസ് സജ്ജീകരിച്ചത്. കരഞ്ഞും ചിരിച്ചും പരിഭ്രമം കാട്ടിയുമാണ് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മധുരം നുണഞ്ഞത്. ഭാരതീയ സങ്കല്പമനുസരിച്ച് വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുവാൻ ഏറ്റവും അനുയോജ്യമായ ദിവസമാണ് വിജയദശമി. അറിവിന്റെ ഹരിശ്രീ കുറിക്കുവാനായി എത്തിയ മുഴുവൻ കുരുന്നുകൾക്കും രക്ഷിതാക്കൾക്കും എല്ലാ ആശംസകളും നേരുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി എം പി രഘുവും പറഞ്ഞു.