മനാമ/ദോഹ: ആഗോള സർവീസുകൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലേക്കും (BAH) കോഴിക്കോട്ടേക്കും (CCJ) ഖത്തർ എയർവേയ്സ് പ്രതിദിന സർവീസുകൾ പുനരാരംഭിക്കുന്നു. 2026 മെയ് 1 മുതലാണ് ഈ സെക്ടറുകളിലേക്ക് വിമാനങ്ങൾ പറന്നുതുടങ്ങുക.
മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ആഗോള ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതിനോടകം തന്നെ ദുബായ്, ഷാർജ സെക്ടറുകളിലേക്ക് സർവീസ് ആരംഭിച്ച ഖത്തർ എയർവേയ്സ്, മെയ് 1 മുതൽ ദമാസ്കസിലേക്കും വിമാനങ്ങൾ അയച്ചു തുടങ്ങും. ഘട്ടംഘട്ടമായി തങ്ങളുടെ ആഗോള നെറ്റ്വർക്ക് പഴയപടിയാക്കാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
ടിക്കറ്റ് ബുക്കിംഗിൽ ഇളവുകൾ: നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യാത്രക്കാർക്ക് ഫ്ലെക്സിബിൾ ബുക്കിംഗ് സൗകര്യങ്ങളും എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്:
-
തീയതി മാറ്റം: 2026 സെപ്റ്റംബർ 15 വരെയുള്ള യാത്രകൾക്കായി ഏപ്രിൽ 30-നോ അതിനുമുമ്പോ ടിക്കറ്റ് എടുത്തവർക്ക്, ഒക്ടോബർ 31 വരെ സൗജന്യമായി യാത്ര മാറ്റിവെക്കാം.
-
റീഫണ്ട്: ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് സാധാരണ നിയമങ്ങൾക്കനുസൃതമായി റീഫണ്ട് ലഭിക്കും. അപേക്ഷ നൽകി 28 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക തിരികെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർ വിമാനക്കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റോ ആപ്പോ വഴി ഷെഡ്യൂളുകൾ പരിശോധിക്കണമെന്നും അറിയിപ്പുകൾ ലഭിക്കുന്നതിനായി കോൺടാക്റ്റ് വിവരങ്ങൾ കൃത്യമായി നൽകണമെന്നും എയർലൈൻ നിർദ്ദേശിച്ചു.









