മനാമ: ടീം സിനി മോങ്ക്സിന്റെ ബാനറിൽ ബഹ്‌റൈൻ പ്രവാസിയായ രഞ്ജിഷ് മുണ്ടയ്ക്കൽ തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ‘ജാൻവി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മികച്ച എഴുത്തുകളാൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തരായ റോസ്‌ലി ജോയ്, സൂനജ അജിത്, അഞ്ജലി ചന്ദ്രൻ എന്നിവരുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഹ്രസ്വ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത്.
ട്രെയ്ലർ കാണാം:
ട്രെയ്‌ലറിന്റെ പബ്ലിക് റിലീസ് ജൂൺമാസം നിറഞ്ഞ സദസിൽ സിനിമാ താരം ആന്റണി വർഗ്ഗീസ് (പെപ്പെ) നിർവഹിച്ചിരുന്നു. പ്രശസ്ത മലയാള സിനിമാ സംവിധായകൻ ടി.വി.ചന്ദ്രന്റെ സഹസംവിധായകനായി ജോലി ചെയ്തിട്ടുള്ള രഞ്ജിഷ് മുണ്ടയ്ക്കലിന്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘ജാൻവി’. ഫഹദ് അസബാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മൂലകഥ ഒരുക്കിയിരിക്കുന്നത് ഫിറോസ് തിരുവത്രയാണ്.
നിസ്സഹായയായ ഒരു സ്ത്രീയുടെ മനോവ്യഥകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ അറിയിച്ചു. ഡോക്ടർ രമ്യ നാരായണൻ ആണ് കേന്ദ്ര കഥാപാത്രമായ ജാൻവിയെ അവതരിപ്പിക്കുന്നത്. ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരനും ഒട്ടനവധി അവാർഡുകൾ നേടിയിട്ടുമുള്ള ജയശങ്കർ മുണ്ടഞ്ചേരി മറ്റൊരു പ്രധാന കഥാപാത്രമായി വരുന്ന ചിത്രത്തിൽ ബിജു ജോസഫ്, രജനി മനോജ്, ദേവിക തുളസി, ഗോപു അജിത്, വൈഷ്ണവ് രഞ്ജിഷ് തുടങ്ങിയവരും വേഷമിടുന്നു. കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ ബിജു ജോസഫ്, ശില്പ രഞ്ജിഷ് എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. മേക്കപ്പ് ലളിത ധർമ്മരാജ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അടുത്ത മാസത്തോടെ പ്രദർശനത്തിന് സജ്ജമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ‘ജാൻവി’ യുടെ അണിയറ പ്രവർത്തകർ അറിയിച്ചു.