മനാമ: ബഹ്‌റൈനിലെ 99% പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ബഹ്‌റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് റസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് സര്‍വ്വേ റിപ്പോര്‍ട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയത്. 99% പേര്‍ വാട്‌സ്ആപ്പും, യൂട്യൂബും ഉപയോഗിക്കുന്നുവെന്നും 95% പേര്‍ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും 90% പേര്‍ സ്‌നാപ്പ് ചാറ്റും ഉപയോഗിക്കുന്നതായി സർവേ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ശതമാനത്തില്‍ ആഗോള റാങ്കിംഗില്‍ ബഹ്‌റൈൻ മുന്നിലാണ്. ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ പോലുള്ള മിക്ക ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. മൊബൈല്‍ഫോണ്‍ സേവനങ്ങള്‍ മിക്കവാറും എല്ലാവരും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ സര്‍വേയില്‍ പങ്കെടുത്ത 16 ശതമാനം വീടുകളിലും മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നുണ്ടെങ്കിലും ടെലിഫോണ്‍ സേവനങ്ങളും ഉപയോഗത്തിലുണ്ട്.