‘പാഠം ഒന്ന് സിനിമ’: ’24 ഫ്രെയിംസ് റീഡേഴ്സ് ഫോറം ബഹ്റൈൻ’ ഏകദിന ശിൽപശാല ശ്രദ്ധേയമായി

മനാമ: 24 ഫ്രെയിംസ് റീഡേഴ്സ് ഫോറം ബഹ്റൈൻ ‘പാഠം ഒന്ന് സിനിമ’ എന്ന പേരിൽ ഏകദിന ശില്പശാല ഐ മാക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. സംഘടനയിലെ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി നടത്തിയ ശില്പശാല രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 4.30 ഓടെ  അവസാനിപ്പിച്ചു. അരുൺ പോൾ, രഞ്ജിഷ് മുണ്ടയ്ക്കൽ, അരുൺ.ആർ.പിള്ള എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഏകദേശം ഇരുപത്തിയഞ്ചോളം അംഗങ്ങൾ പങ്കെടുത്തു.

അഭിനയത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ ശില്പശാല ഓരോ അംഗങ്ങളുടെയും അഭിനയ, സംവിധാന മികവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയായി മാറി. മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച ഓരോ  അംഗങ്ങളെയും  അനുമോദിച്ച പ്രസിഡന്റ് ശ്രീ.ബിജു ജോസഫ് അന്നേ  ദിവസം അംഗത്വം എടുത്ത അഞ്ചോളം സിനിമാ മോഹികളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ‘പാഠം ഒന്ന് സിനിമ’ യുടെ തുടർച്ചയായി കൂടുതൽ സിനിമാ സംബന്ധമായ ക്ളാസുകൾ ഉടൻ തന്നെ ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈനിൽ വളരെ വേഗത്തിൽ വളരുന്ന സിനിമാ സൗഹൃദ കൂട്ടായ്മയായ ’24 ഫ്രെയിംസ് റീഡേഴ്സ് ഫോറം’ സിനിമാ സ്നേഹികളായ പൊതുജനങ്ങൾക്ക് വേണ്ടിയും ശില്പശാലകൾ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സംഘാടകർ കൂട്ടിചേർത്തു.

ഫോട്ടോ: ജയകുമാർ വയനാട്