മനാമ: പൊതുജനാഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ ക്ലബ് കുട്ടികൾക്കായി നടത്തുന്ന കലോത്സവത്തിന്റെ അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 15, 2019 വരെ നീട്ടി. ബഹ്‌റൈനിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദി ഈ കലോത്സവത്തിലൂടെ വാഗ്ദാനം ചെയ്യുന്നു. 2001 ഒക്ടോബർ 1 നും 2014 ഒക്ടോബർ 30 നും ഇടയിൽ ജനിച്ച ഇന്ത്യൻ കുട്ടികൾക്ക് ടാലന്റ് ഫെസ്റ്റ് – 2019 ൽ പങ്കെടുക്കാനുള്ള അർഹതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടിക്ക് നിയമാനുസൃതമായ ബഹ്‌റൈൻ റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം. അതിനു പുറമെ മത്സരാർത്ഥി ബഹ്‌റൈനിലെ ഏതെങ്കിലും അംഗീകൃത സ്കൂളിലെ വിദ്യാർത്ഥിയായിരിക്കണം.
ടാലന്റ് ഫെസ്റ്റിനെ അഞ്ച് വിഭാഗങ്ങളാണുള്ളത്. സാഹിത്യം, സംഗീതം, കല, കര കൗശലം, നൃത്തം എന്നിവയിൽ വ്യക്തിഗതമായും ഗ്രൂപ്പടിസ്ഥാനത്തിലും മത്സരങ്ങൾ നടത്തുന്നതായിരിക്കും. വ്യക്തിഗത പുരസ്ക്കാരങ്ങളും ആയിരക്കണക്കിന് ട്രോഫികളും ജേതാക്കളെ കാത്തിരിക്കുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകും. വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തുന്ന മത്സരങ്ങളിൽ 5 ഗ്രൂപ്പുകളിലായി കുട്ടികൾക്ക് 126 ഇവന്റുകൾ നടത്തും. 2019 നവംബർ മാസത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. www.indianclubbahrain.com എന്ന ഓൺ ലൈൻ വിലാസം വഴിയോ ഇന്ത്യൻ ക്ലബ് റിസപ്ഷനിലോ (രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈകുന്നേരം 5 മുതൽ രാത്രി 10 വരെയും) 2019 ഒക്ടോബർ 15-നോ അതിനു മുമ്പോ ആയി രജിസ്ട്രേഷൻ നടത്താവുന്നതാണ്.