വര്‍ണ്ണാഭമായ ചടങ്ങുകളോടെ സെന്റ് മേരീസ് കത്തീഡ്രലിന്റെ 61-മത് പെരുന്നാള്‍ സമാപിച്ചു

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 61-മത് പെരുന്നാള്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് സന്ധ്യനമസ്ക്കാരവും ഗാനശുശ്രൂഷയും പെരുന്നാള്‍ പ്രദക്ഷിണവും ശ്ലൈഹീക വാഴ്വും നടന്നു. 11 വെള്ളിയാഴ്ച്ച രാവിലെ പ്രഭാത സമസ്ക്കാരവും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദെമിത്രിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും കൊടിയിറക്കും നടന്നു.

തുടര്‍ന്ന് 25 വര്‍ഷം ഇടവകാഗംത്വം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കുകയും, പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അവര്‍ഡ് നല്‍കുകയും ചെയ്തു. വൈകിട്ട് 7.00 മണി മുതല്‍ ബഹ്‌റൈൻ കേരളാ സമാജത്തില്‍ വച്ച് പ്രശസ്ത ആരാധനാ സംഗീതജ്ഞനും സംവിധായകനും ആയ റവ. ഫാദര്‍ ജോണ്‍ ശാമുവേലിന്റെ നേത്യത്വത്തില്‍ ഇടവകയിലെ എണ്‍പതോളം ഗായകരെ അണിനിരത്തിക്കൊണ്ട് “എൻ ക്രിസ്റ്റോസ്‌” എന്ന മ്യൂസിക്കല്‍ സിംഫണിയും അരങ്ങേറി. ബഹ്‌റൈൻ പോലീസ് ബാൻഡ് ഓർക്കസ്ട്രയിലെ ഫിൽഹാർമോണിക് ഓർക്കസ്ട്ര വിദഗ്ധരും പങ്കെടുത്ത മ്യൂസിക്കൽ സിംഫണി ബഹ്‌റൈനിലെ സംഗീത ആസ്വാദകർക്ക് ഏറെ പുതുമയും ഹൃദ്യാനുഭവുമായി.

കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തിന്‌ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദെമിത്രിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തുകയും പോലീസ് ബാൻഡ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. മുബാറക്ക് നജീം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സെക്രട്ടറി ശ്രീ.സാബു ജോണ്‍ സ്വാഗതവും സഹ വികാരി റവ. ഫാദര്‍ ബിജു കാട്ടുമറ്റത്തില്‍, ഇടവകയിലെ മുതിര്‍ന്ന അംഗം സോമന്‍ ബേബി എന്നിവര്‍ ആശംസ നേരുകയും ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍ നന്ദി അറിയിക്കുകയും ചെയ്തു.