മലര്‍വാടി ‘കളിവണ്ടി’ നവംബര്‍ ഒന്നിന്

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിഭാഗമായ ‘മലര്‍വാടി’ കൊച്ചു കൂട്ടുകാര്‍ക്കായി കേരളപ്പിറവി ദിനത്തില്‍ മനാമ ഏരിയയില്‍ ‘കളി വണ്ടി’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.പി ഷൗക്കത്തലി അറിയിച്ചു. നവംബര്‍ ഒന്ന് വെള്ളി ഉച്ചക്ക്  ഒരു മണി മുതല്‍ വൈകിട്ട് അഞ്ച് വരെ മനാമ അല്‍ റജ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കൊച്ചു കൂട്ടുകാര്‍ക്കായി വ്യത്യസ്തമായ മല്‍സരങ്ങളും കേരളത്തനിമയാര്‍ന്നതും പുതു തലമുറക്ക് അന്യമായതുമായ കളികളും സംഘടിപ്പിക്കും.
എല്‍.കെ.ജി മുതല്‍ ഒന്നാം ക്ളാസ് വരെയുള്ള കുട്ടികള്‍ കിഡ്സ് വിഭാഗവും രണ്ടാം ക്ളാസ് മുതല്‍ നാലാം ക്ളാസ് വരെയുള്ള കുട്ടികള്‍ സബ് ജൂനിയര്‍ വിഭാഗവും അഞ്ചാം ക്ളാസ് മുതല്‍ ഏഴാം ക്ളാസ് വരെയുള്ള കുട്ടികള്‍ ജൂനിയര്‍ വിഭാഗവുമായി തിരിച്ചാണ് മല്‍സരങ്ങള്‍ നടക്കുക.  മെമ്മറി ജംബിങ്, മധുരം മലയാളം , ബാലന്‍സിംഗ് , മടക്കിയൊതുക്കല്‍, നൂറാം കോല്‍, കുട്ടിയും കോലും, പൊട്ടു തൊടല്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ  കളികള്‍ ഉള്‍പ്പെട്ടതാണ് ‘കളി വണ്ടി’ യെന്ന് ജനറല്‍  കണ്‍വീനര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക്  3922 3005 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.