ബഹ്‌റൈൻ പ്രതിഭ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന അംഗം കെ.പി കുമാരന് യാത്രയയപ്പ് നൽകി

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ മുതിർന്ന പ്രവർത്തകനും അഹമ്മദ് ടൌൺ യൂണിറ്റിലെ അംഗവും ആയ കെപി കുമാരന് ബഹ്‌റൈൻ പ്രതിഭ അഹമ്മദ് ടൌൺ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗംഭീര യാത്ര അയപ്പ് നൽകി. കോഴിക്കോട് നാദാപുരം വിഷ്ണുമംഗലം സ്വദേശിയാണ് കെ പി കുമാരൻ. ബഹ്‌റൈൻ പ്രതിഭ യൂണിറ്റ് കുടുംബാംഗങ്ങളും , പ്രതിഭാ നേതാക്കളും പങ്കെടുത്ത യാത്രയയപ്പിൽ പ്രതിഭാ പ്രവർത്തകരെ കൂടാതെ നിരവധി പേർ പങ്കെടുത്തു.

കഴിഞ്ഞ പതിനേഴു വർഷം ആയി ബി .ഡി .എഫിൽ സേവനം അനുഷ്ഠിക്കുന്ന കെ പി കുമാരൻ ബഹ്റൈനിൽ എത്തിയ കാലം മുതൽ തന്നെ പ്രതിഭാ അംഗവും സജീവ പ്രവർത്തകനുമാണ്. ജീവകാരുണ്യ പ്രവർത്തനത്തിൽ പ്രത്യേക താല്പര്യം പുലർത്തിയ അദ്ദേഹം പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളെ ചേർക്കുന്നതിലും അർഹരായവർക്ക്‌ അതിലൂടെ ആനുകൂല്യങ്ങൾ നേടികൊടുക്കുന്നതിലും ആയിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ചികിത്സ ധനസഹായം ഉൾപ്പെടെ യുള്ള സേവനങ്ങൾ നിരവധിപേർക്ക് നേടികൊടുക്കുവാൻ അദ്ദേഹത്തിന് ഇത് മൂലം കഴിഞ്ഞിരുന്നു . ഈ പ്രവർത്തനത്തെ പരിഗണിച്ചു ബഹ്‌റൈൻ കേരളീയ സമാജം നിസ്വാർത്ഥ സമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. നൂറ്റി അൻപതോളം പ്രവാസികളെ ആണ് അദ്ദേഹം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങൾ ആയി ചേർത്തത്. റൂമുകൾ സന്ദർശിച്ചു പ്രവാസി ക്ഷേമനിധിയുടെയും നോർക്കയുടെയും വിവിധങ്ങൾ ആയ സേവന പ്രവർത്തങ്ങളെ കുറിച്ച് വിശദീകരിച്ചു കൊടുത്തു കൊണ്ട് അവരെ അതിന്റെ ഗുണഭോക്താക്കളായി മാറ്റുന്ന പ്രവർത്തനം ആയിരുന്നു പ്രധാനമായും നടത്തിയിരുന്നത്. പ്രതിഭയുടെ എല്ലാ പ്രവർത്തങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്ന അദ്ദേഹം ഓണസദ്യ , നാടകം തുടങ്ങിയ പൊതു പരിപാടികളിലെ മുഴുവൻ സമയ വളണ്ടിയർ ആയിരുന്നു. ഭാര്യ ശാന്ത,
സനോജ്, ഷർമി, ശരണ്യ എന്നിവർ മക്കളാണ്.


അഹമ്മദ് ടൗണിൽ നടന്ന യാത്ര അയപ്പ് സമ്മേളനത്തിൽ ബഹ്‌റൈൻ പ്രതിഭാ അഹമ്മദ് ടൌൺ യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു . അനോജ് സ്വാഗതം പറഞ്ഞു . പി. ശ്രീജിത്ത് മൊമെന്റോ കൈമാറി . സി വി നാരായണൻ , സുബൈർ കണ്ണൂർ , എ വി അശോകൻ , ഷെരിഫ് കോഴിക്കോട് , മഹേഷ് മൊറാഴ , കെ കെ ശശി തുടങ്ങി നിരവധിപേർ ആശംസ അർപ്പിച്ചു സംസാരിച്ചു .