ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ കരാർ വ്യവസ്ഥ അടുത്തമാസം മുതൽ പ്രാബല്യത്തിൽ

മനാമ : ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ കരാർ വ്യവസ്ഥ അടുത്തമാസം മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. കരാർ പ്രകാരം ഗാർഹിക തൊഴിലാളികൾ രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപെ തന്നെ കരാറിൽ ഒപ്പ് വെക്കണം. റിക്രൂട്ടിംഗ് ഏജൻസി, തൊഴിലാളി, തൊഴിലുടമ എന്നിവർ മൂന്നു പേരും ഒപ്പിടൽ നിർബന്ധമാകും പുതിയ കരാറിൽ. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനായാണ് പുതിയ വർക്ക് പെർമിറ്റിന്റെ ഭാഗമായി കരാറ് പ്രാബല്യത്തിൽ വരുന്നത്.

ലേബർ മാർക്കറ്റ് ആൻഡ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഔസമാഹ് അൽ അബ്സിയാണ് ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ ഓൺലൈൻ വ്യവസ്ഥ പരിചയപ്പെടുത്തിക്കൊണ്ട് വിശദീകരിച്ചത്. ഓൺലൈനിൽ വിശദ വിവരങ്ങൾ രേഖപ്പെടുത്തി കരാർ ഒപ്പുവെച്ചു കൊണ്ട് മാത്രമെ ഇനി മുതൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്ത് വരാൻ സാധിക്കുകയുള്ളു.