‘ഡെത്ത് ഓഫ് സോ ആൻഡ് സൊ’ ഫിലിം പ്രീ വ്യൂ  നവംബർ 1 ന്: ബാലചന്ദ്രമേനോൻ ബഹ്‌റൈനിലെത്തും

മനാമ: ബഹ്‌റൈൻ നാട്ടുകൂട്ടത്തിന്റെ ബാനറിൽ രാംഗോപാൽ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച  നാലാമത് ഹ്രസ്വചിത്രം ‘ഡെത്ത് ഓഫ് സോ ആൻഡ് സൊ’ പ്രി വ്യൂ കേരളപ്പിറവിദിനമായ നവംബർ 1 നു ഹൂറയിലെ അഷ്റഫ്സ് ഹാളിൽ വച്ച് വൈകീട്ട് 6;30 നു നടക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. പത്മശ്രീ ഭരത് ബാലചന്ദ്രമേനോൻ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. ബഹ്‌റൈൻ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ പിറന്ന  ഇൻഡോ ബഹ്‌റൈൻ സിനിമയാണ് ഇതെന്നും നാലാമതും ബഹ്‌റൈനിൽ വച്ച് ഇത്തരമൊരു ചിത്രം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നാട്ടുകൂട്ടം പ്രവത്തകർ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഐ സി ആർ എഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ വച്ച് നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിൽ  രാംഗോപാൽ മേനോൻ സംവിധാനം ചെയ്ത ആത്മഹത്യക്കെതിരെയുള്ള ബോധവൽക്കരണ ചിത്രം ‘മൈൻഡ് സ്കേപ്’ ഏറ്റവും മികച്ചതായി തെരെഞ്ഞെടുത്തിരുന്നു.

ബഹ്‌റൈനിലെ പ്രമുഖ അഭിനേത്രി ജയാമേനോൻ, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണൻ ഹരിദാസ്, പ്രശാന്ത് മേനോൻ, ജോർജ്ജ് തരകൻ, രാമനുണ്ണി കോഡൂർ, ഉണ്ണികൃഷ്ണൻ, വിനോദ് ദാസ്, സുരേഷ് കാലടി, സുധിർ കാലടി, വിനയചന്ദ്രൻ, മീനാക്ഷി, നിത്യശ്രീ, ശ്രുതി സുധീർ എന്നിവരാണ് പുതിയ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ബഹ്‌റൈനി ക്യാമറ വിദഗ്ധൻ ജാഫർ അൽവാച്ചി, ഫിലിം എഡിറ്റർ ജോവിന് ജോൺ, പശ്ചാത്തലം ഷബിൻ ബാംഗ്ളൂർ, റോക്കോർഡിംഗ് വിഷ്ണു പിള്ള, ആർട്ട് സുരേഷ് അയ്യമ്പിള്ളി തുടങ്ങിയവരാണ് സാങ്കേതിക വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നടൻ മോഹൻലാലിന്റെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുബായ് കേന്ദ്രമായുള്ള നിക്കോൺ കൊച്ചി മെട്രോ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള ഫിലിം ഫെസ്റ്റുകളിൽ ഇപ്പോൾ തന്നെ ക്ഷണം ലഭിച്ചിട്ടുള്ള ചിത്രത്തിന്റെ പ്രി വ്യൂ വിൽ സംബന്ധിക്കാൻ  താൽപ്പര്യമുള്ളവർക്ക് 3548 5050 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. സീറ്റുകൾ പരിമിതമായിരിക്കും.