വാളയാർ സംഭവത്തിൽ നീതിക്കായി ശബ്‌ദമുയരണം: ഫ്രന്റ്സ് വനിതാ വിഭാഗം

മനാമ: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നരാധമന്മാരെ തെളിവ് നശിപ്പിച്ച് നിരപരാധികളാക്കി വെറുതെ വിട്ടതിനെതിരെ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കഴുക്കോലിൽ തൂങ്ങിയാടുന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കേരള മന:സാക്ഷിക്കു മുന്നിൽ നൊമ്പരച്ചിത്രമായി മാറിയിട്ടും പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിനു പകരം രാഷ്ട്രീയ താല്പര്യങ്ങൾ മുന്നിൽ വെച്ച് പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമം ജുഗുപ്സാവഹമാണ്. കുട്ടികൾക്കും വനിതകൾക്കും സംരക്ഷണം നൽകേണ്ട കമ്മീഷനുകൾ അനീതിയുടെ പക്ഷത്തു ചേർന്ന് കൊഞ്ഞനം കുത്തുന്ന നടപടി അപഹാസ്യമാണ്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. നീതിയോടൊപ്പം നിലകൊള്ളാൻ സർക്കാർ തയാറായില്ലെങ്കിൽ അത് സമൂഹത്തിലുണ്ടാക്കുന്ന ദുരന്തഫലം വലുതായിരിക്കുമെന്നും വനിതാ വിഭാഗം പ്രസിഡന്റ് സാജിദ സലീം, ജനറൽ സെക്രട്ടറി ഹസീബ ഇർഷാദ് എന്നിവർ ഒപ്പു വെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.