വാളയാർ സഹോദരിമാരുടെ നീതി നിഷേധത്തിൽ ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മനാമ: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച വാളയാർ സഹോദരിമാർക്കുണ്ടായ നീതി നിഷേധത്തിനെതിരെ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാല ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജോജി ലാസർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. കേസ് സിബിഐ ഏറ്റെടുക്കണമെന്നും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

സഹോദരിമാർക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾ സ്വന്തം നിലയിൽ ഏറ്റെടുത്ത പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ പ്രഖ്യാപനം മാതൃകാപരമാണ്. കൂടാതെ ഈ വിഷയത്തിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിന്റെയും യൂത്ത്‌ കോൺഗ്രസ് പാലക്കാട് പാർലിമെന്റ് കമ്മിറ്റിയുടെയും പ്രസിഡന്റ് ഫിറോസ് ബാബുവിന്റെയും പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി കെസി ഫിലിപ്പ്, ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, യൂത്ത്‌ വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, പാലക്കാട് ജില്ല കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്ങൽ, ജലീൽ മുല്ലപ്പള്ളി, ഷാജി, റോയ് മാത്യു, അനൂപ് തുടങ്ങിയവർ സംസാരിച്ചു.