എതിരില്ലാത്ത വിജയം: ബഹ്റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പിൽ ‘യുണൈറ്റഡ് പാനലിന്’ തുടർഭരണം

Screenshot_20191031_160651

മനാമ: കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ബഹ്റൈൻ കേരളീയ സമാജത്തിന്റെ 2019-21 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നേതൃത്വം നൽകിയ യുണൈറ്റഡ് പാനലിന് എതിരില്ലാത്ത വിജയം. നവംബർ 15ന് നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പിന് മുന്നോടിയായി നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിനമായിരുന്ന ഒക്ടോബർ 30 വരെ മറ്റ് നോമിനേഷനുകളൊന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് പാനലിന്റെ വിജയം ഉറച്ചത്. ഇതോടെ പി വി രാധാകൃഷ്ണപിള്ള പ്രസിഡൻറായും വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയുമായി നയിക്കുന്ന യുണൈറ്റഡ് പാനൽ സാരഥികൾ തന്നെ ഭരണ സമിതിയുടെ അധികാരമേൽക്കുമെന്ന് തീർച്ചയായി.

പ്രസിഡന്റ്: പി വി രാധാകൃഷ്ണപിള്ള
വൈസ് പ്രസിഡന്റ്: ദേവദാസ് കുന്നത്ത്
ജനറൽ സെക്രട്ടറി: വർഗീസ് കാരക്കൽ
അസിസ്റ്റൻറ് ജ. സെക്രട്ടറി: വർഗീസ് ജോർജ്
ട്രെഷറർ: മനോജ് സുരേന്ദ്രൻ
എൻറർടെയ്ൻമെന്റ് സെക്രട്ടറി: പ്രദീപ് പത്തേരി
മെംബർഷിപ് സെക്രട്ടറി: ശരത് രാമചന്ദ്രൻ
സാഹിത്യ വിഭാഗം സെക്രട്ടറി: ഫിറോസ് തിരുവത്ര
ഇൻഡോർ ഗെയിം സെക്രട്ടറി: പോൾസൺ ലോനപ്പൻ
ലൈബ്രറേറിയൻ: വിനൂപ് കുമാർ വി
ഇന്റേർണൽ ഓഡിറ്റർ: മഹേഷ് ജി പിള്ള

കാലാവധി സംബന്ധിച്ച ആരോപണ വിവാദങ്ങളിലൂടെ, തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് മുന്നോട്ട് വന്ന മുഖ്യ പ്രതിപക്ഷ കക്ഷിയായ പ്രോഗ്രസീവ് പാനലും അവസാന നിമിഷം വരെ നോമിനേഷൻ നൽകാൻ എത്താതിരുന്നതാണ് മത്സര സാധ്യതകൾക്ക് മങ്ങലേൽപിച്ചത്. അതേ സമയം നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമായതിനാലാണ് തങ്ങൾ മത്സര രംഗത്ത് നിന്നും പിന്മാറിയതെന്നാണ് ഇത് സംബന്ധിച്ച് പ്രോഗ്രസീവ് പാനൽ നൽകിയ വിശദീകരണം.
ബഹ്റൈൻ കേരളീയ സമാജം അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു കഴിഞ്ഞ ഒമ്പത്‌ മാസമായി തുടരുന്ന ഭരണസമതി സമാജത്തിന്റെ നിലവിലുള്ള ഭരണഘടനക്ക് വിരുദ്ധമായി നടത്തുന്ന തെരഞ്ഞെടുപ്പാണിതെന്നും, ഈ തെരഞ്ഞെടുപ്പിന്റെ സാധുതയെ നിയമപരമായി തന്നെ ചോദ്യം ചെയ്യുമെന്നും പ്രോഗ്രസീവ് പാനൽ വക്താക്കൾ ആരോപിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ഭരണസമിതിയുടെ കാലാവധി സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ  കേരളീയ സമാജത്തിന്റെ നിലവിലുള്ള ഭരണഘടന അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും സമാജത്തിന്റെ നിലവിലുള്ള ഭരണഘടന പ്രകാരം ഭരണ സമിതിയുടെ കാലാവധി ഒരു വർഷമാണ്  നിർദ്ദേശിച്ചിട്ടുള്ളതെന്നും ഭരണ സമതിയുടെ കാലാവധി സംബന്ധിച്ചും, തെരഞ്ഞെടുപ്പ് നടത്തേണ്ട രീതിയെ സംബന്ധിച്ചും അതൊടാപ്പം ജനറൽ ബോഡി മീറ്റിങ്ങിനെ സംബന്ധിച്ചും കേരളീയ സമാജം ഭരണഘടനയും ഇന്റേണൽ റെഗുലേഷനും വിശദമായി പ്രതിപാദിച്ചിട്ടും ഇതെല്ലാം അട്ടിമറിക്കുന്ന സമീപനമാണുണ്ടായതെന്നും  ഈ വിഷയങ്ങൾ അടക്കം സമാജത്തിന്റെ  സുഗമമായ നടത്തിപ്പിന് ഉതകുന്ന നിർദ്ദേശങ്ങൾ നിലവിലുള്ള ഭരണസമിതി നേതൃത്വവുമായി എല്ലാവിധ വിട്ട് വീഴ്ച്ചയോടും കൂടി പ്രോഗ്രസീവ് പാനൽ നേതാക്കൾ ചർച്ചക്ക് തയ്യാറായിയെങ്കിലും അതൊന്നും ഉൾക്കൊള്ളുന്ന സമീപനമല്ല അവർ സ്വീകരിച്ചതെന്നും പ്രോഗ്രസീവ് പാനൽ വക്താക്കൾ പറഞ്ഞു. ഇത് സംബന്ധിച്ച കത്ത് തെരഞ്ഞെടുപ്പ് വരണാധികാരിയുടെയും, ഭരണസമിതിയുടെയും മുൻപാകെ സമർപ്പിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പ്രവാസ ലോകത്ത് കലാ സാംസ്കാരിക ആഘോഷങ്ങളുമായി മലയാളി സമൂഹത്തിനാകെ അഭിമാനകരമായി പ്രവർത്തിച്ച മുൻ ഭരണ സമിതിക്ക് കിട്ടിയ അംഗീകാരമാണ് യുണൈറ്റഡ് പാനലിന് ലഭിച്ച എതിരില്ലാത്ത വിജയമെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പ്രതികരിച്ചു. തുടർന്നും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും, ജനാധിപത്യപരമായി നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പോലും തീരുമാനിക്കാൻ കഴിയാത്തതിന്റെ നിരാശയിൽ ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തികഞ്ഞ അവജ്ഞതയോടെ അവഗണിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!