മനാമ: ഐക്യകേരളത്തിന്റെ 63-ാം പിറന്നാൾ മലയാള മഹോത്സവം എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ വേദിയൊരുങ്ങി. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാതൃഭാഷാ വിഭാഗമായ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ ചാപ്റ്ററിനു കീഴിൽ മാതൃഭാഷാ പ്രവർത്തനങ്ങൾ നടത്തുന്ന ഏഴ് മേഖല പഠന കേന്ദ്രങ്ങളുടേയും സഹകരണത്തോടെ ഇന്ന് (നവംബർ 1 വെള്ളിയാഴ്‌ച) ‘വൈകിട്ട് ആറര മണിക്കാണ് പരിപാടികൾ ആരംഭിക്കുകയെന്ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും അറിയിച്ചു.
പ്രശസ്ത നയതന്ത്രജ്ഞനും എഴുത്തുകാരനും വിവിധ രാജ്യങ്ങളിൽ അംബാസിഡറുമായിരുന്ന ടി.പി.ശ്രീനിവാസൻ , അധ്യാപികയും എഴുത്തുകാരിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായ ശാരദക്കുട്ടി എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായി പങ്കെടുക്കും.
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത് ബഹ്റൈനിൽ കേരളീയ സമാജം കേന്ദ്രമാക്കിയായിരുന്നു.
സമാജത്തിനു പുറമെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസ്സിയേഷൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്റൈൻ പ്രതിഭ, ദിശ സെന്റർ, വ്യാസഗോകുലം എന്നീ മറ്റ് ആറ് കേന്ദ്രങ്ങളിൽ കൂടി മലയാളം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരുന്നു.
രണ്ടായിരത്തിലധികം കുട്ടികളാണ് വിവിധ പാഠശാലകളിലായി മാതൃഭാഷാ പoനം നടത്തുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി മേഖല പഠനകേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.