മനാമ: നമ്മുടെ രാജ്യത്ത് ജനാധിപത്യ മതേതരത്വ സംഘടനകളുടെ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാഗാന്ധിയുടെ മുപ്പത്തഞ്ചാമത് രക്തസാക്ഷിത്വ ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങൾ മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പ് നടന്നപ്പോൾ മതേതര ജനാധിപത്യ സംഘടനകളുടെ നേതൃത്വത്തിൽ ഉള്ള ഗവണ്മെന്റ് വരണം എന്ന് ആഗ്രഹിച്ചു. അതിനെ ഏകോപിപ്പിക്കുവാൻ അവിടുത്തെ നേതൃത്വത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിൽ വേണ്ടത്ര പരസ്യങ്ങൾ പോലും ഇല്ലാതെ നേടിയ വിജയങ്ങൾ ജനങ്ങളുടെ പ്രതികരണം എങ്ങനെ ആയിരുന്നു എന്ന് മനസിലാക്കുവാൻ സാധിക്കും. ഇൻഡ്യാ മഹാരാജ്യത്ത് സാധാരണ ക്കാരായ കോടി കണക്കിന് ആളുകൾക്ക് തണൽ ഏകി പടർന്നു പന്തലിച്ചു നിൽക്കുന്ന വടവൃക്ഷമായ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റ ശാഖയായ ഒഐസിസി ക്കും ഈ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ ഉത്തരവാദിത്വം ഉണ്ട്. അതിനു ഒഐസിസി
മുന്നോട്ട് വരണം.
ഇന്ദിരാഗാന്ധി ബാങ്കുകളുടെ ദേശസത്കാരണത്തിലൂടെ പാവങ്ങളെ ബാങ്കുകളോട് ചേർക്കുവാനും, അതിന്റെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് കിട്ടുവാനും നിയമനിർമ്മാണം നടത്തി. ഇന്ന് ഭരിക്കുന്നവർ ജനങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ച തുക തിരികെ എടുത്തു ആശുപത്രിയിൽ പോയി ചികിത്സിക്കുവാനും, ദൈനംദിന കാര്യങ്ങൾ ചെയ്യുവാനും സമ്മതിക്കാതെ ബാങ്കിംഗ് മേഖലകളെ തകർത്തുകളഞ്ഞിരിക്കുകയാണ്. നെഹ്‌റുവും ഇന്ദിരാഗാന്ധിയും അടക്കമുള്ള മുൻ ഭരണാധികൾ ഉണ്ടാക്കിയ നേട്ടം ഉപയോഗിച്ചുകൊണ്ടാണ് മൻകി ബാത്തിലൂടെ ഇൻഡ്യാക്കാരോട് സംസാരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ കമ്മറ്റി പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു എം എസ് എഫ് സംസ്ഥാന ട്രഷറർ യുസഫ് വല്ലാഞ്ചിറ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, കെ എം സി സി പ്രസിഡന്റ് എസ് വി ജലീൽ, ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഒഐസിസി സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം,കെ എം സി സി നേതാക്കളായ ഗഫൂർ കൈപ്പമംഗലം, സിദ്ധിക്ക്, കെ. പി. മുഹമ്മദലി , മുസ്തഫ, മുൻ പ്രസിഡന്റ് കുട്ടിസ മുണ്ടേരി എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റികാട്ടിൽ, ജി ശങ്കരപ്പിള്ള നസിം തൊടിയൂർ ഷാജി പൊഴിയൂർ മോഹൻകുമാർ അനിൽകുമാർ , സൽമാനുൽ ഫാരിസ് , ബിജുബാൽ, റംഷാദ് എന്നിവർ നേതൃത്വം നൽകി.