ബഹ്റൈനിൽ കുളിർ മഴയുടെ അനുഭൂതി പെയ്തിറങ്ങിയ രാവ് സമ്മാനിച്ച് വിജിതയുടെ രാഗ്‌ മൽഹാർ

മനാമ: ബഹ്റൈനിൽ കുളിർ മഴയുടെ അനുഭൂതി പെയ്തിറങ്ങിയ രാവ് സമ്മാനിച്ച് വിജിതയുടെ രാഗ്‌ മൽഹാർ. പ്രശസ്ത റിയാലിറ്റി ഷോ താരവും ചലച്ചിത്ര പിന്നണി ഗായികയും ഹിന്ദുസ്താനി സംഗീതഞ്ജയുമായ വിജിത ശ്രീജിത്‌ ഇന്ത്യൻ ക്ലബ്ബിൽ അവതരിപ്പിച്ച ഗസൽ രാഗ്‌ മൽഹാർ സംഗീതാസ്വാദകർക്ക്‌ പുത്തൻ അനുഭൂതി പകർന്നു.

നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട്‌ ഒന്നൊര മണിക്കൂർ നീണ്ടുനിന്ന സംഗീത നിശയിൽ ഗുലാം അലി, മെഹ്ദി ഹസൻ, പങ്കജ്‌ ഉദാസ്‌, ലതാ മങ്കേഷ്കർ, എം എസ് ബാബുരാജ്‌ മുതലായ സംഗീത സാമ്രാട്ടുകളുടെ ഇമ്പമേറിയ ഈണങ്ങൾ വിജിത വേദിയിയിൽ ആലപിച്ചു. ബഹ്റൈനിലെ പ്രഗത്ഭരായ മ്യൂസിക്‌ ഓർക്കസ്ട്രയുടെ പിന്നണി താളങ്ങൾ സംഗീത നിശയുടെ മാറ്റ് കൂട്ടി. കീബോർഡ്‌ റഫീക്‌ വടകരയും തബല സുരേഷ്‌ ബാബുവും ഹാർമ്മോണിയം ബഷീറും റിഥം പാഡ്‌ വിവിയനും ഗിറ്റാർ ജോബും പിന്നണിയിൽ അണിനിരന്ന പ്രോഗ്രാമിന്റെ സൗണ്ട്‌ എഞ്ചിനിയർ ജോസ്‌ ഫ്രാൻസിസായിരുന്നു. പരിപാടി ആസ്വദിക്കുവാൻ ബഹ്റൈൻ പ്രവാസ ലോകത്തെ നിരവധി സംഗീതാസ്വാദകർ എത്തിച്ചേർന്നിരുന്നു.