‘സ്ത്രീ, സമൂഹം, സദാചാരം’: ഫ്രന്റ്സ് വനിതാ വിഭാഗം കാമ്പയിൻ ആരംഭിച്ചു

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം 2019 നവംബർ 7 മുതൽ ഡിസംബർ 13 വരെ “സ്ത്രീ, സമൂഹം, സദാചാരം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഉദ്‌ഘാടനം ചെയ്തു.
കെട്ടുറപ്പുള്ള സമൂഹത്തിന്റെ അസ്ഥിവാരം കുടുംബമാണെന്നും അതിന്റെ ക്രമീകരണം ദുർബലമാകുമ്പോൾ സമുദായങ്ങളുടെയും രാഷ്‌ട്രങ്ങളുടെയും ശക്തി ക്ഷയിക്കുന്നുവെന്നതിന് ചരിത്രം സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ നല്ല പാഠങ്ങൾ പകർന്നു നൽകുന്ന ഒരു ഘടകമെന്ന് നിലക്ക് കുടുംബത്തെ അവഗണിച്ച് മുന്നോട്ടു പോവാനാവില്ല.  സമൂഹത്തിന്റെ കെട്ടുറപ്പിലും കുട്ടികളുടെയും ഭാവി തലമുറയുടെയും ക്ഷേമത്തിലും നേരിട്ടുള്ള സ്വാധീനം അതിനുണ്ട്. അവസരങ്ങൾ കൈ വരുമ്പോൾ തകരുന്ന സദാചാര ബോധം അപകടകരമാണ്.

സ്ത്രീ സമൂഹത്തിന്  ഒരു വിലയും കൽപ്പിക്കാത്ത കാലത്താണ് മുഹമ്മദ് നബി രംഗപ്രവേശ ചെയ്തത്. അവരുടെ അവകാശങ്ങളെ അരക്കിട്ടുറപ്പിക്കാൻ ആവശ്യമായ പ്രായോഗിക നിർദേശങ്ങൾ നൽകാൻ പ്രവാചകന് സാധിച്ചുവെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ കൂട്ടി ചേർത്തു. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിൽ  റഷീദ മുഹമ്മദലിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ വനിതാ വിഭാഗം പ്രസിഡന്റ് സാജിദ സലീം അദ്ധ്യക്ഷത വഹിച്ചു. സൗദ പേരാമ്പ്ര വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് ജമീല ഇബ്രാഹീം സ്വാഗതം ആശംസിക്കുകയും ജനറൽ സെക്രട്ടറി ഹസീബ ഇർശാദ് നന്ദി പറയുകയും ചെയ്തു.