മനാമ: ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് നവംബർ 14 നു ഇന്ത്യൻ സ്‌കൂളിൽ ശിശു ദിന പരിപാടികൾ സംഘടിപ്പിച്ചു. തദവസരത്തിൽ മിഡിൽ സെക്ഷൻ വിദ്യാർത്ഥികളുടെ പ്രത്യേക അസംബ്ലിയിൽ ചാച്ച നെഹ്‌റുവിനെ അനുസ്മരിക്കുന്ന പ്രത്യേക പരിപാടികൾ നടന്നു. വിദ്യാർത്ഥികൾ സ്കൂൾ പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് ശിശു ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ നടത്തിയ പ്രസംഗം ശ്രദ്ദേയമായി.
കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിൽ ശിശുദിനം ആചരിക്കുന്നുവെന്ന വസ്തുത സ്‌കൂൾ വൈസ് പ്രിൻസിപ്പൽ വിനോദ് എസ്, പ്രധാന അധ്യാപിക പാർവതി ദേവദാസ് എന്നിവർ ഊന്നിപ്പറഞ്ഞു.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികവും ജവഹർലാൽ നെഹ്‌റുവിന്റെ 130-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട എക്സിബിഷൻ മത്സരവും മിഡിൽ സെക്ഷനിൽ നടത്തി. ഫോട്ടോകൾ, ഡ്രോയിംഗുകൾ, മോഡലുകൾ, ഡിസ്പ്ലേ ബോർഡുകൾ എന്നിവയിലൂടെ മഹാത്മാ ഗാന്ധിയുടെയും നെഹ്രുവിന്റെയും ജീവിത യാത്ര എക്സിബിഷനിൽ ചിത്രീകരിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനപ്പുറം സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ നേതാക്കളുടെ കാഴ്ചപ്പാട് ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം.
ഇന്ത്യൻ സ്‌കൂൾ ശിശു ദിന പ്രദർശനത്തിൽ ഇനിപ്പറയുന്ന ക്ലാസുകൾ ആദ്യ മൂന്ന് സമ്മാനങ്ങൾ നേടി: ലെവൽ 6: 1.VI C , 2.VI, 3.VI B. ലെവൽ 7: 1.VII D , 2.VII L , 3.VII B. ലെവൽ 8: 1. VIII K, 2.VIII J, 3.VIII F. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ശിശുദിന പ്രദർശനത്തിൽ ആവേശപൂർവം പങ്കെടുത്ത വിദ്യാർത്ഥികളെ അഭിനന്ദിച്ചു.