സഹിഷ്ണുതയുടെ പ്രവാചക സന്ദേശമുയര്‍ത്തി ‘ഞാൻ അറിഞ്ഞ പ്രവാചകൻ’ സമ്മേളനം

മുഹറഖ്: സഹിഷ്ണുതയുടെ പ്രവാചക സന്ദേശം പ്രചരിപ്പിക്കുന്നതിെൻറ ഭാഗമായി ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ‘ഞാന്‍ അറിഞ്ഞ പ്രവാചകന്‍’ എന്ന പ്രമേയത്തില്‍ സമ്മേളനം സംഘടിപ്പിച്ചു. പ്രവാചകനെ വായിക്കാനും അദ്ദേഹത്തിെൻറ മാതൃകകള്‍ ഉള്‍ക്കൊണ്ട് ജീവിക്കാനും സാധിക്കേണ്ടതുണ്ടെന്ന് പരിപാടിയില്‍ സംസാരിച്ച ഇസ്കോണ്‍ ബഹ്റൈന്‍ പ്രതിനിധി ശ്യാം സുന്ദര്‍ ദാസ് പറഞ്ഞു. സ്നേഹവും സഹവര്‍ത്തിത്വവുമാണ് സമൂഹത്തിെൻറ നിലനില്‍പ് സാധ്യമാക്കുന്നതെന്നും വെറുപ്പും വിദ്വേഷവും വിനാശകരമാണെന്നും അതിനാല്‍ മഹാന്‍മാരുടെ ജീവിതത്തില്‍ നിന്നുമുള്ള വെളിച്ചത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുഞ്ചിരി ദാനമാണെന്ന് പഠിപ്പിച്ച പ്രവാചകന്‍ സൗഹൃദത്തിെൻറ സന്തോഷം പുഞ്ചിരിയിലൂടെ തുടങ്ങണമെന്നാണ് നമ്മോട് ഉണര്‍ത്തിയതെന്ന് കെ.സി.എ പ്രസിഡൻറ് സേവി മാത്തുണ്ണി പറഞ്ഞു.

അശരണര്‍ക്ക് കൈത്താങ്ങാകാനും കനിവിന്‍െറ നീരുറവ കിനിയാനും സാധിക്കുന്ന മനസ്സിെൻറ ഉടമകളായി മാറാന്‍ പ്രവാചക ജീവിതം കരുത്ത് പകരേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. പ്രവാചകന്‍ ആത്മീയ ലോകത്ത് വിഹരിച്ച ഒരു ആചാര്യനായിരുന്നില്ലെന്നും ഭൂമിയിലുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കുകയും ലോകത്തിന് മാതൃകയാര്‍ന്ന ഒട്ടേറെ മഹിതമായ ചര്യ പകര്‍ന്നു നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നുവെന്നും വിഷയമവതരിപ്പിച്ച് കൊണ്ട് യൂത്ത് ഇന്ത്യ പ്രസിഡൻറ് യൂനുസ് സലീം പറഞ്ഞു. ഒരു മനുഷ്യന്‍ ഏതെല്ലാം മേഖലകളില്‍ കടന്നു ചെല്ലുമ്പോഴും അവിടെയൊക്കെ പ്രവാചകന്‍െറ നിസ്തുല പാഠങ്ങള്‍ കൈത്താങ്ങായി വര്‍ത്തിക്കുന്നതായി കാണാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിമത്വത്തിന്‍െറ നുകം പേറി ജീവിച്ചവര്‍ക്ക് സമത്വത്തിെൻറ ജീവസ്സുറ്റ മാതൃക അനാവരണം ചെയ്യാനും യുദ്ധവും സംഘട്ടനങ്ങളും ജീവിതത്തിന്‍െറ ഭാഗമായി കൊണ്ടു നടന്ന സമൂഹത്തിന് സമാധാനത്തിെൻറ വഴി കാണിച്ചു കൊടുക്കാനും പ്രവാചകന് സാധിച്ചതായി പരിപാടിയില്‍ സമാപനം നിര്‍വഹിച്ച് സംസാരിച്ച ഫ്രന്‍റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡൻറ് സഈദ് റമദാന്‍ നദ്വി വ്യക്തമാക്കി. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ചെയര്‍മാന്‍ ചന്ദ്രബോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫ്രൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിക്കുകയും കണ്‍വീനര്‍ മുഹമ്മദ് ഷാജി നന്ദി പറയുകയും എ.എം ഷാനവാസ് നിയന്ത്രിക്കുകയും ചെയ്തു. ഷഹ്സിന സൈനബ്, അംന മുനീര്‍, സഹ്ല റിയാന, അമല്‍ സുബൈര്‍, നജ്ദ റഫീഖ്, ആയിശ മൻഹ എന്നിവര്‍ ഗാനമാലപിച്ചു. യു.കെ നാസര്‍, കെ. മുഹമ്മദ് എറിയാട്, എം.എം മുനീര്‍, വി. അബ്ദുല്‍ ജലീല്‍, റഷീദ് കുറ്റ്യാടി, സലാഹുദ്ദീന്‍ കിഴിശ്ശേരി, ഫുആദ് കണ്ണൂര്‍, ശാക്കിര്‍ കൊടുവള്ളി, സി.കെ നൗഫല്‍, സി.എം മുഹമ്മദലി, ഇജാസ് മൂഴിക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സാമൂഹിക പ്രവര്‍ത്തകരായ കെ.ടി സലീം, സലാം മമ്പാട്ടുമൂല, പങ്കജ് നഭന്‍, എബ്രഹാം ജോണ്‍, ജലീല്‍ ഹാജി തുടങ്ങിയവരടക്കം ഒട്ടേറെ പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.