മനാമ: വികസനം എന്നത് ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയാവണം എന്ന് ബഹ്റൈൻ പ്രതിഭ ഇരുപത്തിയേഴാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിദഗ്ധ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ബഹ്റൈനിലെ ഡോക്ടർമാർ, എഞ്ചിനീയർമാർ, മാനേജ്മെന്റ് വിദഗ്ധർ, നിയമ രംഗത്ത് പ്രവർത്തിക്കുന്നവർ, അധ്യാപകർ, സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയ പ്രഫഷലുകളാണ് സംഗമത്തിൽ പങ്കെടുത്തത്. വികസനം വിദഗ്ധരുടെ കാഴ്ചയിൽ എന്ന വിഷയത്തിൽ ഡോ: ബാബു രാമചന്ദ്രൻ, ഡോ: ഷമീം, അഡ്വക്കറ്റ് ലതീഷ് ഭരതൻ, ഇ.എ.സലീം, ഡോ: കൃഷ്ണകുമാർ, ഹരികൃഷ്ണൻ എന്നിവർ അവരുടെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.
അനാഥ മന്ദിരങ്ങൾക്ക് പകരം ജെറിയാട്രിക് സെന്ററുകളാണ് ഇനിയുള്ള കാലത്ത് വേണ്ടതെന്ന് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോ. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങൾക്ക് പ്രഥമ ശുശ്രുഷയിൽ അടിസ്ഥാന പരിചയം ഉണ്ടാക്കിയാൽ ഒരുപാട് ജീവനുകൾ സംരക്ഷിക്കാൻ കഴിയുമെന്ന് ബഹ്റൈൻ ഡിഫൻസ് ഫോഴ്‌സിലെ ഡോക്ടർ: ഷമീം കുഞ്ഞ് അഭിപ്രായപ്പെട്ടു. നിയമ സംവിധാനങ്ങളെ പറ്റിയും പ്രാഥമിക നിയമങ്ങളെ പറ്റിയും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പ്രശസ്ത നിയമജ്ഞൻ അഡ്വ: ലതീഷ് ഭരതൻ അഭിപ്രായപ്പെട്ടു. വികസനം പ്രകൃതി സന്തുലനം ഉറപ്പു വരുത്തി സുസ്ഥിര പാതയിൽ മാത്രമേ നടത്താവു എന്ന് സാമൂഹ്യ ചിന്തകനും, സാങ്കേതിക വിദഗ്ധനുമായ ഇ.എ.സലീം അഭിപ്രായപ്പെടുകയുണ്ടായി.
യഥാർത്ഥ ശാസ്ത്രത്തിനുമപ്പുറം ശാസ്ത്രമെന്ന പേരിൽ പ്രചരിക്കുന്ന കിംവദന്തികളെ തള്ളിക്കളയണമെന്നും, നാട്ടിൽ ബ്രിട്ടിഷുകാർ അവരുടെ സൗകര്യത്തിനായി കൊണ്ടു വന്ന വിദ്യഭ്യാസ രീതി അതേ പോലെ തുടരുകയാണെന്നും വിദ്യഭ്യാസ വിദഗ്ധനായ ഡോ: കെ. കൃഷണകുമാർ അഭിപ്രായപ്പെട്ടു. ഒരോരുത്തരും ആവശ്യമുള്ള വിസ്തൃതിയിൽ മാത്രമേ ഗൃഹനിർമ്മാണം നടത്താവു എന്നും അതിന്റെ മുൻഗണന പ്രാദേശിക സർക്കാറുകൾ പരിശോധിച്ച് പ്രവൃത്തി പഥത്തിലെത്തിക്കണമെന്നും, ഓരോ കുടുംബത്തിനും ആവശ്യത്തിൽ കൂടുതൽ വരുന്ന സ്ഥലം അതാത് സർക്കാറുകൾ ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്കായ് ഉപയോഗിക്കാൻ കഴിയണമെന്നും സിവിൽ എഞ്ചിനിയറായ ഹരികൃഷ്ണൻ അഭിപ്രായമുന്നയിച്ചു.
ജനകീയ കൂട്ടായ്മ പ്രവർത്തനത്തിലുടെ സർക്കാരുകൾക്ക് വികസന നയം രൂപീകരിക്കാൻ കഴിയുമെന്നും, വലിയ വീടുകൾക്ക് ആഢംബര നികുതി ചുമത്തണമെന്നും, മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതോടെ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സാമ്പത്തിക കാര്യ വിദഗ്ധനും, പ്രതിഭ നേതാവുമായ പി.ടി.നാരായണൻ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന പൊതു ചർച്ചയിൽ ഡോ: ശിവ കീർത്തി, പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ, ലോക കേരള സഭ അംഗം സി.വി.നാരായണൻ, പ്രദീപ് പതേരി ,കൃഷ്ണൻ, ഷൈജു മാത്യു, ശ്രീകുമാർ, സജീവൻ, വിപിൻ മുതലായവർ പങ്കെടുത്തു. പ്രതിഭ സെക്രട്ടറി ഷെറീഫ് കോഴിക്കോട് ചർച്ച ക്രോഡീകരിച്ച് സംസാരിച്ചു. പ്രതിഭ പ്രസിഡണ്ട് കെ.എം. മഹേഷ്, വൈസ് പ്രസിഡണ്ട് ശ്രീജിത് പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദഗ്ധരുടെ ഒരു സ്ഥിരം വേദിയാണ് പ്രതിഭയുടെ ആഗ്രഹമെന്ന് സ്വാഗതം പ്രസംഗത്തിൽ റാം അറിയിച്ചു. തുടന്ന് തുടർ പ്രവർത്തനങ്ങൾക്കായി പി.ടി.നാരായണൻ കൺവീനറും, ഡോ. ഷമീം ജോ: കൺവീനറുമായി പതിനൊന്നാംഗ കമ്മറ്റി രൂപീകരിച്ചു.