വാറ്റിൽ നിന്നും ഇളവ് നൽകിയിട്ടുള്ള ഉത്പ്പന്നങ്ങൾക്കും വാറ്റ് ഈടാക്കുന്നതായി പരാതി

മനാമ : ജനുവരി മുതൽ രാജ്യത്ത് വാറ്റ് പ്രാബല്യത്തിൽ വന്നതിന് ശേഷം ചില വ്യാപാരികൾ വാറ്റിൽ ഇളവ് നൽകിയിരിക്കുന്ന ഉത്പ്പന്നങ്ങൾക്കും വാറ്റ് ഈടാക്കുന്നതായി പരാതി. മറ്റു പല ഉത്പ്പന്നങ്ങൾക്കും അസാധാരണമായി വില വർധിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ശീതള പാനിയങ്ങൾക്ക് 25 ശതമാനത്തോളം വില വർധനവുണ്ടായതായും അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പുതിയ നികുതി സംവിധാനം നിലവിൽ വന്നതിന് ശേഷം വ്യാപാരികൾക്ക് വാറ്റ് ഇടുക്കിയുള്ള ബില്ല് ഉപഭോക്താക്കൾക്ക് നൽകുമ്പോൾ തർക്കം ഉണ്ടാകുന്നതായും വിലയിലെ ചെറിയ വ്യത്യാസങ്ങൾ പോലും പരിഗണിച്ച് സാധങ്ങൾ വാങ്ങാതെ പോകുന്നവരുണ്ടെന്നും കടയുടമകൾ പറയുന്നു.

പല വസ്തുക്കളെയും വാറ്റിൽ ഉൾപ്പെടുത്തിയും ഒഴിവാക്കിയും ബിൽ ചെയ്യുന്നത് പ്രയാസമാണെന്നാണ് പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ അഭിപ്രായപ്പെടുന്നത്.