ലോക കേരളസഭയോടനുബന്ധിച്ച് പ്രവാസി കുട്ടികൾക്കായി സാഹിത്യ മത്സരങ്ങളൊരുക്കി മലയാളം മിഷൻ

മനാമ: 2020 ജനുവരിയിൽ നടക്കുന്ന ലോക കേരള സഭയോടനുബന്ധിച്ച് ആഗോളതലത്തിൽ പ്രവാസി കുട്ടികൾക്കായി മലയാളം മിഷൻ ചെറുകഥ, കവിത, ലേഖനം, നാടകം എന്നീ മത്സരങ്ങൾ നടത്തുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. 8 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് സബ്ജൂനിയർ വിഭാഗത്തിലും 13 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും,19 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം.

സബ് ജൂനിയർ വിഭാഗത്തിൽ ചെറുകഥാ രചനയ്ക്കും കവിതാ രചനയ്ക്കും മത്സരാർത്ഥികൾക്ക് ഇഷ്ട വിഷയം തെരഞ്ഞെടുക്കാം.

ജൂനിയർ വിഭാഗത്തിൽ  ‘നാട്ടുപച്ച ‘എന്ന വിഷയത്തിൽ കവിതയും ‘വീട്ടിലേക്ക് ‘ എന്ന വിഷയത്തിൽ ചെറുകഥയും ‘നാളത്തെ ലോകം എന്റെ സ്വപ്നം’ എന്ന വിഷയത്തിൽ ലേഖനവും എഴുതാം.

സീനിയർ വിഭാഗത്തിൽ യഥാക്രമം കവിത –  ‘ആകാശത്തോളം’, ചെറുകഥ –  ‘തിരിച്ചുവരവ്’, ലേഖനം – ‘ദേശം, ദേശീയത, മാനവികത’, നാടകം –  ‘അവൾ എന്തോ പറയുന്നുണ്ടായിരുന്നു’ എന്നിങ്ങനെയാണ് വിഷയങ്ങൾ

സ്വന്തമായി തയ്യാറാക്കിയ രചനകൾ നേരിട്ട് mmlokakeralasabha@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 15ന് മുൻപ് ലഭിച്ചിരിക്കണം. ആഗോളതലത്തിലാണ് മത്സരം എങ്കിലും ഓരോ മേഖലയിലേയും മികച്ച ഒരു മത്സരാർത്ഥിക്ക് പ്രത്യേകം സമ്മാനം നൽകുന്നതാണെന്നും പ്രവാസികളായ ഏതൊരു കുട്ടിക്കും മത്സരത്തിൽ പങ്കെടുക്കാമെന്നും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
മത്സരങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബിജു. എം. സതീഷ് (മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി) 36045442 എന്ന നമ്പറിൽ ബന്ധപ്പെടാം.