കാരുണ്യ പ്രവർത്തനവുമായി ഇന്ത്യൻ സ്‌കൂൾ കുരുന്നുകൾ

മനാമ: കുരുന്നുകളായ വിദ്യാർത്ഥികൾക്കിടയിൽ ദാനശീല മനോഭാവം വളർത്തിയെടുക്കുന്നതിനായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) റിഫ കാമ്പസ് ‘ഹാപ്പി ഫീറ്റ് ഇനിഷ്യേറ്റീവ്’ സംഘടിപ്പിച്ചു. ദീനാനുകമ്പാ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ ചാരിറ്റി സൊസൈറ്റിക്കായി ഷൂസുകൾ  സംഭാവന നൽകി. ഷൂമാർട്ട് ‘ഹാപ്പി ഫീറ്റ് ഇനിഷ്യേറ്റീവ്’ എന്ന തലക്കെട്ടിൽ അൽ റാഷിദ് ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായ പദ്ധതിയുമായി സഹകരിച്ചാണ് ഇന്ത്യൻ സ്‌കൂൾ ചാരിറ്റി സംരംഭം നടത്തിയത്.

അശരണരെ സഹായിക്കാനുള്ള മനോഭാവം വളർത്തുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ  ലക്ഷ്യം. ഉപയോഗ യോഗ്യമായതും പുതിയതുമായ  ചെരിപ്പുകൾ  സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾ   സന്നദ്ധത പ്രകടിപ്പിച്ചു.  അവ പിന്നീട് അൽ സനാബെൽ അനാഥ പരിപാലന സൊസൈറ്റിക്ക് കൈമാറി.

ഇന്ത്യൻ സ്‌കൂൾ  റിഫ കാമ്പസിലെ വിദ്യാർത്ഥികൾക്ക് വിശാലമായ സമൂഹവുമായി ബന്ധപ്പെടാനും  ഒരു സാമൂഹിക ക്ഷേമ സംരംഭത്തിൽ പങ്കെടുക്കാനുമുള്ള ഒരു മികച്ച അവസരമായിരുന്നു ഈ പ്രവർത്തനം. ഷൂമാർട്ട് സംഘടിപ്പിച്ച പ്രവർത്തനം, സഹാനുഭൂതിയും ദയയും നന്നായി മനസിലാക്കുന്നതിനും അനുഭവിക്കുന്നതിനും കാരണമായിതീർന്നു .

വിദ്യാർത്ഥികളിൽ നിന്നുള്ള പ്രതികരണം വളരെയധികം ആവേശജനകമായിരുന്നു. 1600 ൽ അധികം ജോഡി ഷൂസുകൾ കുട്ടികൾ കൊണ്ടുവന്നു. ദൗത്യവുമായി സഹകരിച്ച  രക്ഷാകർതൃ സമൂഹത്തിന് റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ നന്ദി പറഞ്ഞു. കാരുണ്യ പ്രവർത്തനം നടത്തിയ വിദ്യാർത്ഥികൾക്ക് അൽ റാഷിദ് ഗ്രൂപ്പ് ഗിഫ്റ്റ് വൗച്ചർ സമ്മാനിച്ചു.