മനാമ: ഇന്ത്യൻ സ്‌കൂൾ 41-ാമത് വാർഷിക കായിക മേളയിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഓവറോൾ ചാമ്പ്യന്മാരായ ആര്യഭട്ട ഹൗസിന് 400 പോയിന്റും റണ്ണേഴ്‌സ് അപ്പായ സിവി രാമൻ ഹൗസിന് 358 പോയിന്റും ലഭിച്ചു. 348 പോയിന്റുമായി ജെ സി ബോസ് ഹൗസ് മൂന്നാം സ്ഥാനവും 303 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
ഈസ ടൗൺ കാമ്പസിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ രണ്ട് കാമ്പസുകളിലെയും (റിഫ, ഈസ ടൗൺ) വിദ്യാർത്ഥികൾ പങ്കെടുത്തു.ഡോ ഇസാം അബ്ദുല്ല മുഹമ്മദ് (ഡയറക്ടർ, വിദ്യാഭ്യാസ മന്ത്രാലയം ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റ്, സ്കൗട്ട്സ് ആൻഡ് ഗേൾസ് ഗൈഡ്‌സ്) മേള ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, അസി. സെക്രട്ടറി പ്രേമലത എൻ.എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷീദ് ആലം, രാജേഷ് എം എൻ, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി എന്നിവർ സന്നിഹിതരായിരുന്നു. ഓവറോൾ ചാമ്പ്യൻമാർക്ക് പ്രിൻസ് എസ് നടരാജനും വി ആർ പളനിസ്വാമിയും ട്രോഫികൾ സമ്മാനിച്ചു.
നേരത്തെ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ കായികമേള തുടങ്ങുന്നതായി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ വ്യക്തിത്വത്തിന്റെ സമഗ്രവികസനത്തിന് അവിഭാജ്യമായ കായിക, ഗെയിമുകളുടെ വികസനത്തിന് ഇന്ത്യൻ സ്‌കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോർട്സിന്റെ ചുമതലയുള്ള ഇസി അംഗം രാജേഷ് എംഎൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കായിക രംഗത്തെ സ്കൂളിന്റെ മികച്ച നേട്ടങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. കായിക വകുപ്പ് മേധാവി സൈകത്ത് സർക്കാർ നന്ദി പറഞ്ഞു.
സിബിഎസ്ഇ ദേശീയ ചാമ്പ്യൻഷിപ്പിലും അന്താരാഷ്ട്ര ടൂർണമെന്റുകളിലും മികവ് പുലർത്തിയ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. മാർച്ച് പാസ്റ്റിൽ വിക്രം സാരാഭായ് ഹൗസ് ഒന്നാം സമ്മാനാവും സിവി രാമൻ ഹൗസ് രണ്ടാം സമ്മാനം കരസ്ഥമാക്കി. നേരത്തെ സ്‌കൂൾ അത്ലറ്റുകൾ ദീപശിഖ ചെയർമാൻ പ്രിൻസ് എസ് നടരാജന് കൈമാറി. ഉദ്ഘാടന ചടങ്ങ് വർണ്ണാഭമായ ഒരു പരിപാടിയായിരുന്നു.
സ്കൂൾ ബാൻഡ്, ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്‌സ്, സ്‌കൂൾ ഹൗസുകൾ, വിദ്യാർത്ഥി കൗൺസിൽ എന്നിവയോടൊപ്പം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന സംസ്ഥാനാടിസ്ഥാനത്തിലുള്ള ഘോഷയാത്ര മേളക്ക് നിറച്ചാർത്തണിയിച്ചു. കുട്ടികൾ തായ്‌ക്വോണ്ടോ, യോഗ എന്നിവയിലെ മികവ് പ്രദർശിപ്പിച്ചു. പരിപാടിക്ക് ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും സാക്ഷ്യം വഹിച്ചു. 600 ലധികം മെഡലുകളും ട്രോഫികളും വിജയികൾക്ക് വിതരണം ചെയ്തു.
വ്യക്തിഗത ചാമ്പ്യന്മാർ:
1. സൂപ്പർ സീനിയർ ആൺകുട്ടികൾ: ഷഹബാസ് ബസീർ (ജെസിബി), മുഹമ്മദ് ഷാസിൻ (ആര്യഭട്ട ) – 21 പോയിന്റ്.
2.സുപ്പർ സീനിയർ പെൺകുട്ടികൾ: മിഷേൽ ഡിസൂസ (ആര്യഭട്ട ) – 28 പോയിന്റ്.
3. സീനിയർ ആൺകുട്ടികൾ : മുഹമ്മദ് ജമീൽ (സിവിആർ) – 28 പോയിന്റ്.
4. സീനിയർ പെൺകുട്ടികൾ: ഐറിൻ ജോസ് ബിജോയ് (ആര്യഭട്ട ) – 28 പോയിന്റ്.
5. പ്രീ-സീനിയർ ആൺകുട്ടികൾ: മെൽവിൻ റോയ് മാത്യു (ജെസിബി) – 23 പോയിന്റ്.
6. പ്രീ-സീനിയർ പെൺകുട്ടികൾ: ശ്രീപദ്‌മിനി സുധീരൻ (ആര്യഭട്ട ) – 26 പോയിന്റ്.
7. ജൂനിയർ ആൺകുട്ടികൾ : അഹമ്മദ് ഫയാസ് ഷെയ്ഖ് (ജെസിബി) – 23 പോയിന്റ്.
8. ജൂനിയർ പെൺകുട്ടികൾ: ഐറിൻ എലിസബത്ത് ബിനോ (വിഎസ്ബി) – 28 പോയിന്റ്.
9. സബ് ജൂനിയർ ആൺകുട്ടികൾ: മുഹമ്മദ് നാദിം നസീർ (സിവിആർ) -14 പോയിന്റ്.
10. സബ് ജൂനിയർ പെൺകുട്ടികൾ: ശീതൾ അനിൽ കുമാർ (സിവിആർ) – 14 പോയിന്റ്.