നീതിയും സമത്വവും മാനവികതയുടെ അടിസ്ഥാനം: അബ്‌ദുല്ലക്കോയ തങ്ങൾ

മുഹറഖ്: നീതിയും സമത്വവും മാനവികതയുടെ അടിസ്ഥാന മൂല്യങ്ങളാണെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ വി.ടി അബ്‌ദുല്ലക്കോയ തങ്ങൾ വ്യക്തമാക്കി.  ‘നീതിയുടെ കാവലാളാവുക’ എന്ന പ്രമേയത്തില്‍ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നീതിന്യായ വ്യവസ്ഥയുടെ കുറവുകളും  ജനാധിപത്യത്തിനും മതേതരത്വത്തിനും അനുഭവപ്പെടുന്ന വൈകല്യങ്ങളും  നികത്തേണ്ടത് സോഷ്യലിസം കൊണ്ടായിരിക്കണം. എല്ലാ മതങ്ങളോടും തുല്യ അകലവും തുല്യ അടുപ്പവും എന്ന ഇന്ത്യൻ മത നിരപേക്ഷ നിലപാട് ഭരണകൂടം  കൈകൊണ്ടാൽ സോഷ്യലിസം നിലനിർത്താൻ സാധിക്കും. എന്നാലിന്ന് സോഷ്യലിസം പിടിച്ച് നിൽക്കാൻ കഴിയാതെ ചരിത്രത്തിന്റെ ഭാഗമാായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  സോവിയറ്റ് യൂനിയന്റെ തകർച്ചക്ക് ശേഷം സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി നിലം പരിശാവുകയും സോഷ്യലിസം എടുക്കാ ചരക്കായി മാറുകയും ചെയ്തു.

ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഉത്തരമായി വർത്തിക്കാൻ സോഷ്യലിസത്തിന്
കഴിയാതെ വന്ന ശൂന്യതയിലേക്ക് വംശീയതയും വർഗീയതയും  ഉപയോഗപ്പെടുത്താമെന്ന് സംഘ് പരിവാർ ശക്തികൾ കരുതി. വിവേചനങ്ങളും വംശീയതയും തരാതരം ഉപയോഗിച്ച് ഇന്ത്യൻ ജനതയിൽ ഭൂരിഭാഗം പേരെയും കൂടെ നിർത്താമെന്നാണ് അവർ വിചാരിക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യരെയും ഒന്നിപ്പിച്ചു നിർത്തുന്ന രീതി മാത്രമേ വിജയിക്കുകയുള്ളൂ. നീതിയും സമത്വവും പുലരുന്ന രാജ്യവും സമൂഹവും സമാധാന പൂർണമായിരിക്കും. മനുഷ്യരെ തട്ടുകളായി തിരിച്ച് വിവേചനം സൃഷ്‌ടിച്ചും വംശീയത ഊതിക്കത്തിച്ച് സംഘർഷം ഉണ്ടാക്കിയും ഒരു രാജ്യം വികസനത്തിലേക്ക് കുതിക്കും എന്ന് കരുതുക വയ്യ. രാഷ്ട്രീയമായ വൈജാത്യങ്ങളും ഭാഷാ-സാംസ്കാരിക വൈവിധ്യങ്ങളും ജാതീയമായ ഉച്ചനീചത്വങ്ങളും ഇന്ത്യൻ യാഥാർഥ്യങ്ങളാണ്. എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന കണ്ണിയായാണ് ഭരണകൂടം മാറേണ്ടത്. നീതിയുടേയും  സമത്വത്തിന്റേയും  സ്വാതന്ത്ര്യത്തിന്റേയും സന്ദേശമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  വിയോജിപ്പുകളെ തോക്കിൻ മുന കൊണ്ടല്ല നേരിടേണ്ടതെന്നും  മറിച്ച് ചർച്ചകളുടെയും  സംവാദങ്ങളുടെയും അന്തരീക്ഷം ഉണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹറഖ് അൽ ഇസ്‌ലാഹ്‌്ഓ ഡിറ്റോറിയത്തിൽ സംഘടിപ്പിച്ച   പരിപാടിയിൽ ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷനായിരുന്നു. ജന. സെക്രട്ടറി എം.എം സുബൈർ സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി സമാപനം നിർവഹിക്കുകയും ചെയ്തു. യൂനുസ് സലീമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി എ.എം ഷാനവാസ് നിയന്ത്രിച്ചു.