ഇന്ത്യൻ സ്‌കൂൾ അധ്യാപികക്ക് അന്താരാഷ്‌ട്ര തൈക്വോണ്ടോ റഫറി സർട്ടിഫിക്കേഷൻ

  • ഈ അംഗീകാരം നേടുന്ന  അസമിൽ നിന്നുള്ള ആദ്യ വനിത

മനാമ: ഇന്ത്യൻ സ്‌കൂൾ കായിക അധ്യാപിക ഡിപ്ഷിക ബറുവക്ക് കൊറിയൻ ആയോധനകലയായ തൈക്വോണ്ടോയിൽ അന്താരാഷ്‌ട്ര റഫറിയാകാനുള്ള സാക്ഷ്യപത്രം ലഭിച്ചു. ഈ അംഗീകാരം നേടുന്ന ഇന്ത്യൻ സംസ്ഥാനമായ അസമിൽ നിന്നുള്ള ആദ്യ വനിതയാണ് ഡിപ്ഷിക. ബഹ്‌റൈൻ മാർഷ്യൽ ആർട്സ് ഫെഡറേഷനെ പ്രതിനിധീകരിച്ച് അവർ  അടുത്തിടെ ദക്ഷിണ കൊറിയയിലെ വേൾഡ് തായ്‌ക്വോണ്ടോയുടെ കീഴിൽ വുക്‌സിയിൽ (ചൈന) നടന്ന അന്താരാഷ്ട്ര റഫറി സെമിനാറിൽ പങ്കെടുത്തിരുന്നു. വേൾഡ് തായ്‌ക്വോണ്ടോ വുക്‌സി സെന്ററാണ് സെമിനാർ സംഘടിപ്പിച്ചത്. ഇയ്യിടെ അന്താരാഷ്‌ട്ര റഫറി യോഗ്യതാ ഫലം വന്നപ്പോൾ  ജേതാക്കളിൽ ഡിപ്ഷികയും ഉൾപ്പെട്ടു.  ഗുവാഹത്തി സ്വദേശിയായ ഡിപ്ഷിക ബറുവ തൈക്വോണ്ടോയിൽ മൂന്നാം ഡാൻ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

തൈക്വോണ്ടോ പി ഗ്രേഡ് ദേശീയ റഫറിയായ അവർ, ബഹ്‌റൈൻ തൈക്വോണ്ടോ  അസോസിയേഷൻ അമ്പയർ കൂടിയാണ്. 2017 മുതൽ ഇന്ത്യൻ സ്‌കൂളിൽ ജോലി ചെയ്യുന്നു. നബ കുമാർ ദാസാണ് ഭർത്താവ്. തൈക്വോണ്ടോ റഫറി സർട്ടിഫിക്കേഷൻ ലഭിച്ച അധ്യാപികയെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,എക്സിക്യൂട്ടീവ്  കമ്മിറ്റി  അംഗം -സ്പോർട്സ് രാജേഷ് എം എൻ , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, കായിക വകുപ്പ് മേധാവി സൈകത് സർക്കാർ എന്നിവർ അഭിനന്ദനം അറിയിച്ചു.