ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിൽ ആദ്യമായ് ‘വനിതാ ക്രിക്കറ്റ് ടൂർണമെന്റും’: ഫൈനലിൽ ശ്രീലങ്കൻ സ്റ്റാഴ്സ് ബഹ്‌റൈൻ റെഡ് നെ നേരിടും

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) മെഗാ ഫെയറിനോട് അനുബന്ധിച്ച് ആദ്യമായി വനിതാ ക്രിക്കറ്റ് മേളയും അരങ്ങേറുന്നു. ഇസ ടൗണിലെ സ്‌കൂൾ മൈതാനത്ത് വനിതകൾക്കായുള്ള ആദ്യ  സോഫ്റ്റ്ബോൾ നൈറ്റ് ക്രിക്കറ്റ് ടൂർണമെൻറ്  ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ശ്രീലങ്കൻ സ്റ്റാർസ് ഫൈനലിൽ ബഹ്‌റൈൻ റെഡിനെ നേരിടും. ഫൈനൽ മത്സരങ്ങൾ  ഡിസംബർ 12 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കും.

വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ടുകളിൽ ആവേശകരമായ മത്സരങ്ങൾക്കാണ് സ്‌കൂൾ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ടൂർണമെന്റിൽ ആറ് ടീമുകൾ രണ്ട് ഗ്രൂപ്പുകളായി പങ്കെടുത്തു. ഒന്നാം ഗ്രൂപ്പിൽ ബഹ്‌റൈൻ റെഡ്, ബഹ്‌റൈൻ വൈറ്റ്, ഐ‌എസ്‌ബി ജൂനിയേഴ്സ് എന്നീ ടീമുകളും രണ്ടാം ഗ്രൂപ്പിൽ ഐഎസ്ബി ടീം റിഫ, കർണാടക സോഷ്യൽ ക്ലബ്, ശ്രീലങ്കൻ സ്റ്റാർസ് എന്നീ ടീമുകളും മാറ്റുരച്ചു. ആവേശകരമായ ഒരു മത്സരത്തിൽ, ശ്രീലങ്കൻ സ്റ്റാർസ് വെറും 5 ഓവറിൽ 125 റൺസ് നേടി. ഇത് ഇന്ത്യൻ സ്കൂൾ മൈതാനത്ത് നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്.

കർണാടക സോഷ്യൽ ക്ലബിനെതിരായ മത്സരത്തിലാണ് അവർ ഈ റൺസ് നേടിയത്.  ലക്‌ഷ്യം നേടാനിറങ്ങിയ കർണാടക സോഷ്യൽ ക്ലബിന് 5 ഓവറിൽ 26 റൺസ് മാത്രമേ നേടാനായുള്ളൂ. ഹിദ്  പ്രീമിയർ ലീഗുമായി സഹകരിച്ചാണ് ടൂർണമെന്റ് നടത്തുന്നത്.

ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം- സ്പോർട്സ് രാജേഷ് എം എൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം- ആരോഗ്യം / പരിസ്ഥിതി അജയകൃഷ്ണൻ വി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, പ്രഛുർ ശുക്ല (സിബിഎ), ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകൻ മുകുന്ദ വാര്യർ, ടൂർണമെന്റ് കൺവീനർ ആദിൽ അഹമ്മദ്, ഹിദ് പ്രീമിയർ ലീഗ്  കൺവീനർ നൗഷാദ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) മെഗാ മേള 2019 ഡിസംബർ 15,16 തീയതികളിൽ ഈസ ടൗണിലെ സ്‌കൂൾ കാമ്പസിൽ നടത്തും.