ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിതാ സമ്മേളനം ഇന്ന്: ശൈഖ മർവ ബിൻത് അബ്‌ദുറഹ്‌മാൻ ആൽ ഖലീഫ ഉദ്‌ഘാടനം ചെയ്യും, പി.റുക്‌സാന മുഖ്യ പ്രഭാഷണം നടത്തും

മനാമ: സ്ത്രീ, സമൂഹം, സദാചാരം എന്ന പ്രമേയത്തിൽ നവംബർ ഏഴ് മുതൽ ഡിസംബർ 13 വരെ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിൻ സമാപന സമ്മേളനം അനിമൽ ആൻഡ് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ചാരിറ്റി ഓർഗനൈസേഷൻ പ്രസിഡന്റ് ശൈഖ മർവ ബിൻത് അബ്‌ദുറഹ്‌മാൻ ആൽ ഖലീഫ ഉദ്‌ഘാടനം ചെയ്യും. ഇന്ന് (വെള്ളി) വൈകിട്ട് കൃത്യം 6.30 ന് ഈസ ടൗൺ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ ഉജ്ജ്വല പ്രഭാഷകയും സാമൂഹിക പ്രവർത്തകയുമായ പി.റുക്‌സാന മുഖ്യ പ്രഭാഷണം നിർവഹിക്കും. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വനിതകൾ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ സംഘാടനം പൂർണമായും സ്ത്രീകളായിരിക്കും നടത്തുക. സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ഹസീബ ഇർഷാദ് അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കാമ്പയിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും ഇവിടെ വെച്ച് നിർവഹിക്കും. കുട്ടികളുടെ കലാ പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പുരുഷന്മാർക്ക് പരിപാടി ശ്രവിക്കുന്നതിനുള്ള സൗകര്യം ഹാളിനു പുറത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35669526 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.