മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ, ഭിന്നശേഷിക്കാരായ കുട്ടികൾ വേണ്ടി നൽകുന്ന സ്‌കൂൾ ബസ്സിന്റെ താക്കോൽ ദാന കർമ്മം തണൽ ബഹ്റൈൻ ചാപ്റ്റർ വൈസ് ചെയർമാൻ ഉസ്മാൻ ടിപ്ടോപ് കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണനു നൽകി നിർവ്വഹിച്ചു.
ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെ. കെ. ശൈലജ ടീച്ചർ, തണൽ ചെയർമാൻ ഡോ. വി. ഇദ്‌രീസ്, തണൽ – കരുണ സ്‌കൂൾ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത്, തണൽ ഭാരവാഹികളായ അലി കോമത്ത് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങുകൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. കെ. ലീല അധ്യക്ഷം വഹിച്ചു.
തണൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ഇക്കഴിഞ്ഞ ജനുവരിമാസം ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ, ബഹ്‌റൈൻ മൊബിലിറ്റി ഇന്റർനാഷണൽ, ലുലു ബഹ്‌റൈൻ എന്നിവിടങ്ങളിൽ വെച്ച് നടത്തിയ പരിപാടികളിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് ഈ ഒരു ജീവകാരുണ്യ പ്രവർത്തനം നടത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്നും നാളെയുമായി (ഞായർ, തിങ്കൾ) ഇസ്സാ ടൗൺ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന മെഗാ ഫെയറിൽ തണൽ വനിതാ വിഭാഗം നടത്തുന്ന രുചിയൂറുന്ന വിഭവങ്ങളടങ്ങിയ “തണൽ തട്ടുകട” ഉണ്ടായിരിക്കുമെന്നും കഴിഞ്ഞ വർഷങ്ങളിൽ നൽകിയത് പോലുള്ള സഹകരണം എല്ലാ മനുഷ്യ സ്നേഹികളിൽ നിന്നും പ്രതീക്ഷിക്കുന്നു വെന്നും ഭാരവാഹികൾ അറിയിച്ചു.