ബഹ്‌റൈൻ പ്രതിഭ വനിതാവേദി ’16-മത് സമ്മേളനവും സംവാദവും’ സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ പ്രതിഭ വനിതാവേദിയുടെ പതിനാറാമത് സമ്മേളനം ഡിസംബർ 14 ന് ക്യാപ്റ്റൻ ലക്ഷ്മി നഗറിൽ (പ്രതിഭ ഹാൾ) നടന്നു. 12 യൂണിറ്റുകളിൽ നിന്നും നിരവധി വനിതകൾ പങ്കെടുത്ത സമ്മേളനം ഡോക്ടർ ഹെന മുരളി ഉൽഘാടനം ചെയ്തു. പ്രതിഭ വനിതാവേദിയുടെ പ്രവർത്തനങ്ങൾ വ്യത്യസ്തവും, മികവുറ്റതും, കാര്യക്ഷമമായതുമാണെന്നും അഭിപ്രായപ്പെട്ട ഉദ്ഘാടക തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ കൂടുതലായി നടത്താൻ കഴിയട്ടേയെന്നും ആശംസിച്ചു.

നിരവധി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയർന്നു വന്ന ചർച്ച സമ്മേളനത്തിന്റെ  മാറ്റ് കൂട്ടി. അതോടൊപ്പം നിലവിലുള്ള കമ്മറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും 2020-22 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുകയും ചെയ്തു.

ഭാരവാഹികൾ:
സെക്രട്ടറി: ബിന്ദു റാം
ജോ-സെക്രട്ടറി: അനഘ
പ്രസിഡന്റ്: നിഷ സതീഷ്
വൈസ് പ്രസിഡന്റ്: സജിഷ
ട്രഷറർ: ജസിയ

ബഹ്‌റൈൻ പ്രതിഭ കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു ഡിസംബർ 12 ന് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘പുരോഗമനം വാതിൽപ്പടിവരെയോ?!’ എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. ഷെർളി സലിം, ഡോ: രാജേശ്വരി, സജി മാർക്കോസ്, സുബൈർ കണ്ണൂർ എന്നിവർ വിഷയത്തെ കുറിച്ച് സംസാരിച്ചു. പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായത്തോടൊപ്പം അനുഭവങ്ങളും ചേർത്തു വച്ചു. മാറ്റങ്ങളും പുരോഗമനവും വീടുകളിൽ നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്, സാമൂഹ്യ വ്യവസ്ഥിതിയിൽ സ്ത്രീയോടുള്ള കാഴ്ചപ്പാടുകളിൽ വരുത്തേണ്ട മാറ്റങ്ങൾ, വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളിലെ നല്ലതും മോശവുമായ വശങ്ങൾ എന്നിവയെല്ലാം ചർച്ചയിൽ പ്രതിപാദിച്ചു. ഡോ: ശിവകീർത്തി പരിപാടിയുടെ അവതാരക ആയിരുന്നു.