മനാമ: അത്യന്തം ആവേശം നിറഞ്ഞ പരിപാടികളോടെ ബഹ്‌റൈൻ പ്രതിഭയുടെ ഇരുപത്തി ഏഴാമത് കേന്ദ്ര സമ്മേളനം സമാപിച്ചു . ബഹ്‌റൈൻ കെ സി എ ഹാളിൽ സജ്ജീകരിച്ച അഭിമന്യു നഗറിൽ ആണ് ഒരു ദിവസം പൂർണമായി നീണ്ടു നിന്ന പ്രതിനിധി സമ്മേളനം നടന്നത്. രാവിലെ പത്തു മണിക്ക് ഡി വൈ എഫ് ഐ സംസ്ഥാന സെക്രെട്ടറി അഡ്വക്കേറ്റ് എ എ റഹിം ആണ് സമ്മേളനം ഉദ്‌ഘാടനം ചെയ്തത് . ബഹ്‌റൈൻ പ്രതിഭയുടെ പന്ത്രണ്ടു യൂണിറ്റ്കളിൽ നിന്നും യൂണിറ്റ് സമ്മേളനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 288 പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുത്തത്. സ്ത്രീകളുടെ പങ്കാളിത്വവും ശ്രദ്ധേയം ആയിരുന്നു. ഉദ്‌ഘാടനത്തിനു ശേഷം സെക്രെട്ടറി ഷെരിഫ് കോഴിക്കോട് അവതരിപ്പിച്ച പ്രവർത്തന -സംഘടനാ റിപ്പോർട്ടിൽ മേൽ യൂണിറ്റ് പ്രതിനിധികൾ പൊതു ചർച്ച നടത്തി റിപ്പോർട് അംഗീകരിച്ചു.
പി ടി നാരായണൻ , എ മഹേഷ് , ഷീബ രാജീവൻ , ബിന്ദു റാം , അഡ്വക്കേറ്റ് ജോയ് വെട്ടിയാടാൻ എന്നിവർ അടങ്ങിയ പ്രെസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. പ്രവാസി ക്ഷേമനിധി കൂടുതൽ ശാസ്ത്രീയം ആയി പുനർ ക്രമീകരിക്കുക ,അവധിക്കാല വിമാന യാത്ര കൂലിയിലെ കൊള്ള അവസാനിപ്പിക്കുക ,കശാപ്പു ചെയ്യപ്പെടുന്ന ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ അണിചേരുക ,ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിൽ മത നിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചു പ്രവാസി സമൂഹവും അണിചേരുക ,പൗരത്വവിവേചനത്തിനെതിരെ പ്രതിഷേധം , വിവിധ പദ്ധതികളിലൂടെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിന് ഐക്യ ദാർഢ്യം തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി . തോമസ് ചാണ്ടി എം എൽ എ യുടെ ആകസ്മിക നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി .
സ്വരലയയുടെ അവതരണ ഗാനത്തോടെ ആരംഭിച്ച സമ്മേളനം വരുന്ന രണ്ടു വര്ഷക്കാലത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു കൊണ്ട് അവസാനിച്ചു. ലിവിൻ കുമാർ ജനറൽ സെക്രെട്ടറി, സതീഷ് കെ എം പ്രസിഡന്റ് , മഹേഷ് കെ എം ട്രഷറർ ,രാജേഷ് വി മെമ്പർഷിപ് സെക്രെട്ടറി ,ജി ബിനു , ഡോക്ടർ ശിവകീർത്തി ജോയിന്റ് സെക്രെട്ടറിമാർ ,കെ എം രാമചന്ദ്രൻ , ഷീബ രാജീവൻ വൈസ് പ്രസിഡന്റ് മാർ ,മിജോഷ് മൊറാഴ ,കലാവിഭാഗം സെക്രെട്ടറി, പ്രജിൽ മണിയൂർ ലൈബ്രെറിയൻ , പി ശ്രീജിത്ത് മുഖ്യ രക്ഷാധികാരി എന്നിവർ ഭാരവാഹികൾ ആയ ഇരുപത്തിയൊന്നു അംഗ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റയെ ആണ് സമ്മേളനം തിരഞ്ഞെടുത്തത്. നാലു മേഖലകൾ ആയി മേഖല കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം കൂടുതൽ വിപുലപ്പടുത്തി , മതനിരപേക്ഷ പുരോഗമന ചിന്ത പേറുന്ന മുഴുവൻ ബഹ്‌റൈൻ പ്രവാസികളെയും അണിചേർക്കാനും സമ്മേളനം തീരുമാനിച്ചു.
സമ്മേളന പ്രതിനിധികളുടെ വിവരങ്ങൾ അടങ്ങുന്ന ക്രഡൻഷ്യൽ റിപ്പോർട് അവതരിപ്പിച്ചു . ബഹ്‌റൈൻ പ്രതിഭയുടെ മുതിർന്ന നേതാക്കൾ ആയ പി ശ്രീജിത്ത് സി വി നാരായണൻ , സുബൈർ കണ്ണൂർ , എ വി അശോകൻ , എൻ കെ വീരമണി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.