പ്രഥമ ലോക അഭയാര്‍ത്ഥി ഫോറത്തില്‍ ബഹറൈന്‍റെ മനുഷ്യാവകാശത്തിലൂന്നിയ നയങ്ങള്‍ എടുത്ത് പറഞ്ഞ് രാജ്യത്തിന്‍റെ പ്രതിനിധികള്‍.
ഐക്യരാഷ്ട്ര സഭയുടെ റഫ്യൂജി ഹൈക്കമ്മീഷണര്‍ സ്വിസ് ഗവണ്‍മെന്‍റുമായി ചേര്‍ന്ന് ഡിസംബര്‍ 16,17 തിയ്യതികളിലാണ് ഫോറം സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും നേതാക്കളും ഫോറത്തില്‍ പങ്കെടുത്തു. ബഹറൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.മുസ്തഫ അല്‍ സയിദ്, യു.എന്നിലെ സ്ഥിര പ്രതിനിധി ഡോ. യൂസഫ് അബ്ദുല്‍ കരീം ബുച്ചീരി എന്നിവര്‍ ഫോറത്തില്‍ ബഹറൈനെ പ്രതിനിധീകരിച്ചു.
അഭിപ്രായങ്ങള്‍ കൈമാറ്റം ചെയ്യാനും കൂടുതല്‍ കാര്യക്ഷമമായ സഹായങ്ങള്‍ നല്‍കുന്നതിലേക്കുള്ള തീരുമാനങ്ങള്‍ എടുക്കാനും അവസരമൊരുക്കുന്നതായിരുന്നു ഫോറം.
ആവശ്യക്കാര്‍ക്ക് ശാസ്ത്രീയവും കൃത്യനിര്‍വഹണത്തിലൂന്നിയതുമായ വഴികളിലൂടെ മനുഷ്യത്വപരമായ സഹായങ്ങള്‍ നല്‍കുന്ന ബഹറൈന്‍റെ രീതിയെ കുറിച്ച് ഡോ. അല്‍ സയിദ് വിവരിച്ചു. പൗരന്‍മാര്‍ക്ക് മാത്രമല്ല ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്ക് പുറത്തുള്ളവര്‍ക്കും നല്‍കുന്ന സഹായങ്ങളിലൂടെയാണ് രാജ്യത്തിന്‍റെ പുരോഗതി നിര്‍ണ്ണയിക്കപ്പെടുന്നത് എന്നാണ് ഭരണാധികാരി ഹിസ് മെജസ്റ്റി കിങ്ങ് ഹമദ് ബിന്‍ ഇസ അൽ ഖലീഫ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.