മനാമ: ഇന്റർആഡ്‌സ് ഇന്റർനാഷണലും, ശ്രീ അയ്യപ്പ സേവാ സംഘം ബഹ്റൈനും സംയുക്തമായി അവതരിപ്പിക്കുന്ന കേരളത്തിന്റെ പ്രാചീനകലാരൂപമായ ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം ഈ വരുന്ന വെള്ളിയാഴ്ച ഡിസംബർ 27 ന് ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ വെച്ചു നടത്തപ്പെടുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. മത സൗഹാർദത്തിന്റെ സന്ദേശം വിളിച്ചോതി നടത്തപ്പെടുന്ന ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ (ചെയർമാൻ,കേരള സംസ്ഥാന വഖ്ഫ് ബോർഡ്), ഫാദർ സാം ജോർജ് (ബഹറിൻ സെന്റ് പോൾ മാർത്തോമാ ചർച് വികാരി), ശാസ്ത്രി ശ്രീ വിജയ് കുമാർ മുഖ്യ (ശ്രീ കൃഷ്ണ ക്ഷേത്രം -ബഹറിൻ) എന്നിവരുടെ സാന്നിധ്യവുമുണ്ടാകും.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ബഹ്റൈൻ സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂരി, കേരള കാത്തലിക് അസോസിയേഷൻ ബഹ്റൈൻ പ്രസിഡന്റ് സേവി മാത്യു, എസ് വി ജലീൽ (പ്രസിഡന്റ്, കേരള മുസ്ലിം കൾചറൽ സെന്റർ, KMCC) തുടങ്ങി ബഹറൈനിലെ സാംസ്കാരിക സാമൂഹിക രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുക്കും. എ അയ്യപ്പ സേവാ സംഘത്തിന്റെ, ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്കായുള്ള വിദ്യാധന സഹായം ‘വിദ്യാജ്യോതി’ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജന് പരിപാടിയിൽ കൈമാറും. ഒപ്പം ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ഈ വർഷത്തെ തത്ത്വമസി പുരസ്‌ക്കാരവും വേദിയിൽ വച്ച് നൽകും.
രാവിലെ 9 മണിക്ക് ഭജൻസ്, 12 മണിയ്ക്ക് അയ്യപ്പകഞ്ഞി,1.30 ന് വിശിഷ്ടാഥിതികളുടെ സാന്നിധ്യത്തിൽ മതസൗഹാർധ സദസ്, തുടർന്ന് കലാമണ്ഡലം ജിദ്യ ജയൻ നൃത്താവിഷ്കാരം ചെയ്ത നാൽപതിലേറെ കുട്ടികൾ പങ്കെടുക്കുന്ന സ്വാമി അയ്യപ്പൻ നൃത്തശിൽപം മുതലായവ അരങ്ങേറും. 3.30 ന് സോപാനം വാദ്യകലാസംഘം അവതരിപ്പിക്കുന്ന പഞ്ചാരിമേളം, നാട്ടിൽനിന്നും എത്തുന്ന പതിനൊന്നു പേരടങ്ങുന്ന തൃശൂർ മുണ്ടത്തിക്കോട് ശ്രീ അനിയൻ നായർ വിളക്ക് സംഘത്തിന്റെ ഉടുക്കുപാട്ടിന്റെ ശീലോടെ ശ്രീ അയ്യപ്പൻ വിളക്ക് ആരംഭം, രാത്രി 10.30 ന് വിളക്കിന്റെ സമാപനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. അന്നദാനം ഉണ്ടായിരിക്കുന്നതാണ്. പ്രകൃതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത തലമുറകൾക്ക് പകർന്നു നൽകുവാൻ ഉച്ചയ്ക് കഞ്ഞിയും രാത്രിയിൽ അന്നദാനവും പാള പാത്രത്തിൽ ആണ് ആദ്യ വിളക് തൊട്ടെ ശ്രീ അയ്യപ്പ സേവാ സംഘം നൽകുന്നത്. പ്ളാസ്റ്റിക് പരമാവധി ഒഴിവാക്കി പ്രകൃതി സംരക്ഷണം എന്ന അവബോധം നൽകുക എന്നതാണ് ഇതിലൂടെ ശ്രീ അയ്യപ്പ സേവാ സംഘം ഉദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ശ്രീ അയ്യപ്പൻ വിളക്ക് സംഘാടക സമിതി അംഗങ്ങളായ അഡ്വ.പോൾ സെബാസ്റ്റ്യൻ, സലാം മബാട്ടുമൂല, ശശി കുമാർ, വിനോയ്, സുധീഷ് വേളത്ത് എന്നിവരും ശ്രീ അയ്യപ്പ സേവാ സംഘം കുടുംബാംഗങ്ങളും പങ്കെടുത്തു. എല്ലാ സ്നേഹ മനസുകളെയും ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ബഹറൈൻ ഭരണകൂടത്തിന് ശ്രീ അയ്യപ്പ സേവാ സംഘം അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി.