പൗരത്വ ഭേദഗതിക്കെതിരെ ഓഐസിസി ബഹ്റൈൻ പ്രതിഷേധ സംഗമം: മോദി സർക്കാർ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് രമേശ്‌ ചെന്നിത്തല

മനാമ: മോഡി സർക്കാർ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ‘പൗരത്വ നിയമം മതേതര ഇന്ത്യക്ക് ആപത്ത്’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. കോൺഗ്രസ് 60 വർഷം ഭരിച്ചപ്പോൾ ഒരിക്കൽ പോലും ഒരു മത വിശ്വാസികൾക്കും വിശ്വാസത്തിന്റെ പേരിൽ വേർതിരിവ് അനുഭവിക്കേണ്ടി വന്നിട്ടില്ല, എന്നാൽ ഇന്ന് ബിജെപി സർക്കാർ മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തിൽ ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയാണ്.

വിഭജനത്തിനായി മുസ്ലീങ്ങളെ ടാർഗറ്റ് ചെയ്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ആണിവർ ശ്രമിക്കുന്നത്. 2014 ഡിസംബർന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിങ്ങൾ അല്ലാത്ത എല്ലാ  വിഭാഗങ്ങൾക്കും പൗരത്വം നൽകും എന്ന നിയമം സത്യത്തിൽ ഭരണഘടനാ ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനം ആണ്. ഇത് ചൂണ്ടിക്കാണിച്ചു സുപ്രീം കോടതിയിൽ നൽകിയ റിട്ട് ഹർജി പരിഗണിക്കുമ്പോൾ കോടതി അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.

വീഡിയോ:

ആർഎസ്‌എസ്‌ ന്‍റെ അജണ്ടയായ മതരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്ക് ആണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നിന്ന്  പോരാടുകയാണ്, പക്ഷെ ഭരണകൂടം ശ്രമിക്കുന്നത് ചില മതവിഭാഗങ്ങൾ മാത്രമാണ് എന്ന് വരുത്തി തീർക്കാൻ ആണ്, പ്രതിഷേധിക്കുന്നവരുടെ വസ്ത്രം കണ്ടാൽ അറിയാം ആരാണ് ഇതിനു പിന്നിൽ എന്ന ഒരു പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ അതാണ് ലക്‌ഷ്യം വയ്ക്കുന്നത്. ലോകത്തെ ഏതൊരു മുസ്ലിം രാജ്യത്തെക്കാൾ സുരക്ഷിതമാണ് ഇന്ത്യയിലെ മുസ്ലിങ്ങൾ എന്ന വിശ്വാസം ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്.
എന്തായിരുന്നാലും ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും അതാണ് ഇന്ത്യയുടെ മതേതര മനസ്സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, കെ എം സി സി പ്രസിഡന്റ്‌ എസ്. വി. ജലീൽ, ഒഐസിസി ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ പ്രസംഗിച്ചു. ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ. സി ഫിലിപ്പ്, ദേശീയ വൈസ് പ്രസിഡന്റ്‌മാരായ ലത്തീഫ് ആയംചേരി,  നാസർ മഞ്ചേരി, സെക്രട്ടറിമാരായ ജവാദ് വക്കം,  രവി സോള, യുവജനവിഭാഗം പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, വനിതാ വിഭാഗം പ്രസിഡന്റ്‌ ഷീജ നടരാജ് എന്നിവർ നേതൃത്വം നൽകി.