bahrainvartha-official-logo
Search
Close this search box.

കടത്തനാടിന്റെ സാംസ്കാരിക മഹിമയും പൈതൃകവും വിളംബരം ചെയ്ത് ‘വടകര മഹോത്സവം 2020’ ജനുവരി 3ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ

SquarePic_20191228_18184588

മനാമ: വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ, 2020 ജനുവരി 3ന് വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ അരങ്ങേറുന്ന വടകര മഹോത്സവം 2020യുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മലബാറിലെ ‘അനുഷ്ഠാന കലയായ തെയ്യവും, കടത്തനാടിന്റെ സാംസ്കാരിക മഹിമയും, പൈതൃകവും വിളംബരം ചെയ്യുന്ന ഘോഷയാത്രയും മഹോത്സവത്തിന്റെ മുഖ്യ ആകർഷണമായിരിക്കും. വാദ്യ മേളക്കാരുൾപ്പെടെ, എട്ടോളം തെയ്യം കലാകാരന്മാർ നാട്ടിൽ നിന്നെത്തും. താലപ്പൊലി, പഞ്ചവാദ്യം, പൂക്കലശം, ഇളനീർ വരവ്, തെയ്യം, വെളിച്ചപ്പാട്, കളരി, ദഫ് മുട്ട്, ഒപ്പന, തിരുവാതിരക്കളി എന്നിവയും തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച, കുഞ്ഞാലി മരക്കാർ, എന്നീ വേഷങ്ങളും വിവിധങ്ങളായ മറ്റു കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.

കലാപരിപരിപാടികളുടെ റിഹേഴ്സൽ ബഹ്റൈന്റെ വിവിധ സ്ഥലങ്ങളിൽ അന്തിമഘട്ടത്തിലാണ്. കൂടാതെ സോപാനം വാദ്യകലാ സംഘത്തിലെ 101 മേളക്കാർ അണിനിരക്കുന്ന പാണ്ടിമേളവും അരങ്ങേറും. ഉത്സവ പറമ്പിനെ അന്വർത്ഥമാക്കുന്ന തരത്തിൽ വിവിധ പവലിയനുകളും ഒരുക്കുന്നുണ്ട്. കാലത്ത് 9 മണിക്ക് കൊടിയേറ്റത്തോടെ മഹോത്സവത്തിന് തുടക്കം കുറിക്കും. വൈകുന്നേരം 4 മണിയോടെയാണ് പ്രധാന പരിപാടികൾ അരങ്ങേറുക. രാത്രി 7.30 ന് നടക്കുന്ന സാംസ്കാരിക സദസ്സിൽ കുറ്റ്യാടി എം. എൽ. എ. ശ്രീ.പാറക്കൽ അബദുള്ള മുഖ്യാതിഥിയായിരിക്കും. രാത്രി വൈകുവോളം നീണ്ടു നിൽക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. മുൻ കാലങ്ങളിൽ കടത്തനാടൻ കളരി സംഘത്തിന്റെയും, ചൂരക്കൊടി കളരി സംഘത്തിന്റെയും അഭ്യാസമുറകൾ മുൻകാല മഹോത്സവത്തിൽ അവതരിപ്പിച്ച് മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങിയ വടകര സഹൃദയ വേദി വരാനിരിക്കുന്ന മഹോത്സവവും ചരിത്ര സംഭവമാക്കി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ്. മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ഡേവിസ് ബാലകൃഷ്ണൻ ചെയർമാനും, എം.ശശിധരൻ ജനറൽ കൺവീനറുമായ വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിച്ച് വരുന്നത്. മഹോത്സവ വേദിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പ്രധാന സ്ഥലങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39898781,39603989 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംഘാടക സമിതി ഭാരവാഹികൾക്ക് പുറമെ സഹൃദയ വേദി രക്ഷാധികാരികളായ ആർ.പവിത്രൻ, രാമത്ത് ഹരിദാസ്, കെ.ആർ.ചന്ദ്രൻ, എം.ശിവദാസ്, സെക്രട്ടറി എം.പി.വിനീഷ്, ട്രഷറർ ഷാജി വളയം വൈസ് :പ്രസിഡൻറ് എൻ.പി.അഷറഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.സി.പവിത്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!